IndiaKeralaLatest

അനൂപ് ജേക്കബിന്റെ നില യുഡിഎഫിലും പരിതാപകരം

“Manju”

കൊച്ചി: ഇടതുപക്ഷവുമായി ചര്‍ച്ച നടത്തിയ കേരള കോണ്‍ഗ്രസ് – ജേക്കബ് ലീഡര്‍ അനൂപ് ജേക്കബിന്റെ കാര്യത്തില്‍ യുഡിഎഫില്‍ ആശയക്കുഴപ്പം. അനൂപിനെ മുന്നണിയില്‍നിന്നും പുറത്താക്കണമെന്ന ആവശ്യവുമായി പിറവത്തെ കോണ്‍ഗ്രസുകാര്‍ രംഗത്ത് വന്നിട്ടുണ്ട്.
കോട്ടയത്ത് ഇടതുമുന്നണി നേതാവും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ സ്കറിയാ തോമസിന്റെയും മുതിര്‍ന്ന യാക്കോബായ സഭാ ബിഷപ്പിന്റെയും സാന്നിധ്യത്തില്‍ അനൂപ് ജേക്കബ് മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നെന്ന വിവരം കോണ്‍ഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇത് സീറ്റ് വിഭജന ചര്‍ച്ചയില്‍ മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള നീക്കമായിരുന്നു എന്നാണ് തുടക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംശയിച്ചത്. എന്നാല്‍ ചര്‍ച്ച ഗൗരവപൂര്‍വ്വമായിരുന്നെന്ന് പീന്നീടാണ് വ്യക്തമായത്. ഈ സാഹചര്യത്തില്‍ അനൂപിന്റെ കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കണമോ, അതോ അനുനയിപ്പിച്ച് മുന്നണിയില്‍ തന്നെ തുടരാന്‍ സമ്മര്‍ദ്ദം ചെലുത്തണോ എന്ന കാര്യത്തില്‍ യുഡിഎഫില്‍ ഭിന്നാഭിപ്രായങ്ങളാണുള്ളത്.
അനൂപിനെ പുറത്താക്കിയാല്‍ അത് യാക്കോബായ വിഭാഗത്തിന്റെ നിലവിലുള്ള എതിര്‍പ്പ് കൂടുതല്‍ സങ്കീര്‍ണമാക്കും എന്ന വിലയിരുത്തലാണുള്ളത്. അനൂപ് പിറവത്ത് മത്സരിച്ചാല്‍ യാക്കോബായ സഭയ്ക്കുള്ളിലും ഇത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സഭ ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിലും യുഡിഎഫില്‍ സഭാംഗമായ അനൂപ് പിറവത്ത് മത്സരിക്കുമ്പോള്‍ അനൂപിനെ എതിര്‍ക്കാന്‍ സഭയ്ക്ക് കഴിയില്ലെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ട്.
അതേസമയം യാക്കോബായ സഭ തന്നെയാണ് അനൂപിനെ ഇടതുപാളയത്തിലെത്തിക്കാന്‍ കരുക്കള്‍ നീക്കുന്നതെന്നതും ശ്രദ്ധേയമാണ്. എറണാകുളം ജില്ലയില്‍ നിന്നും പരമാവധി സഭാംഗങ്ങളെ മത്സരിപ്പിച്ച് വിജയിപ്പിക്കുകയെന്ന തന്ത്രമാണ് സഭ പയറ്റുന്നത്. അതിന്റെ ഭാഗമായാണ് യുഡിഎഫില്‍ നിന്നും അനൂപ് ജേക്കബിനെ ഇടതുപക്ഷത്തെത്തിക്കാനുള്ള നീക്കം.
അതേസമയം അനൂപും ഇക്കാര്യത്തില്‍ ധര്‍മ്മസങ്കടത്തിലാണെന്ന് പറയുന്നു. യുഡിഎഫിനെയും യാക്കോബായ സഭയേയും ഉപേക്ഷിക്കാന്‍ കഴിയാത്തതാണ് അനൂപിന്റെ സ്ഥിതി. യുഡിഎഫ് വിട്ടാല്‍ പിറവത്ത് വിജയിക്കാനാകില്ലെന്നതാണ് സ്ഥിതിയെന്ന് അനൂപിനറിയാം. യുഡിഎഫില്‍ നില്‍ക്കുമ്പോഴും യാക്കോബായ സഭ പൂര്‍ണമായി പിന്തുണച്ചില്ലെങ്കില്‍ അതും പ്രതിസന്ധിയാകുമെന്നും അദ്ദേഹം ചിന്തിക്കുന്നു. ഈ സാഹചര്യത്തില്‍ എന്ത് തീരുമാനിക്കണമെന്നതാണ് അനൂപ് ജേക്കബിന്റെ പ്രതിസന്ധി.
അതേസമയം യുഡിഎഫില്‍ തുടരാനാണെങ്കില്‍ രണ്ട് സീറ്റ് ഉറപ്പിക്കണമെന്നാണ് അനൂപിന്റെ നിലപാട്. പിറവത്തിനൊപ്പം കോതമംഗലമോ മൂവാറ്റുപുഴയോ ആണ് അനൂപിനാഗ്രഹം. രണ്ടാം സീറ്റില്‍ യുവനേതാവ് അഡ്വ. പ്രേംസണ്‍, ടിഎം ജേക്കബിന്റെ മകള്‍ അമ്പിളി ജേക്കബ് എന്നിവരുടെ പേരുകളാണ് പരിഗണനയില്‍.
രാഷ്ട്രീയ സ്ഥിരത കാണിക്കാത്ത അനൂപിന് പിറവത്ത് അനായാസ വിജയം കോണ്‍ഗ്രസും പ്രതീക്ഷിക്കുന്നില്ല. പകരം കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇവിടെ മത്സരിക്കുന്നതാകും ഗുണം ചെയ്യുക എന്ന അഭിപ്രായവും നേതാക്കള്‍ക്കുണ്ട്.

Related Articles

Back to top button