Health

വൈറ്റമിന്‍ ഡി ശരീരത്തിന് ലഭിക്കാന്‍ കൂണ്‍

“Manju”

വൈറ്റമിന്‍ ഡി യുടെ പ്രാധാന്യം ലോകം കൂടുതല്‍ കൂടുതല്‍ തിരിച്ചറിയുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയ്‌ക്കോണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന അവശ്യ പോഷണമെന്ന നിലയില്‍ വൈറ്റമിന്‍ ഡി അംഗീകരിക്കപ്പെട്ട് കഴിഞ്ഞു. പ്രതിരോധ ശേഷിക്ക് പുറമേ നമ്മുടെ മാനസിക ആരോഗ്യം നിലനിര്‍ത്താനും വൈറ്റമിന്‍ ഡി ആവശ്യമാണ്.

വെയില്‍ കൊള്ളുന്നത് വൈറ്റമിന്‍ ഡി ശരീരത്തില്‍ ഉത്പാദിപ്പിക്കാന്‍ നല്ലതാണ്. എന്നാല്‍ ശരീരത്തിന് ആവശ്യമുള്ളത്ര വൈറ്റമിന്‍ ഡി ലഭിക്കാന്‍ വെറുതേ വെയില്‍ കൊണ്ടതു കൊണ്ടു മാത്രമാകില്ല. വൈറ്റമിന്‍ ഡി അടങ്ങിയ അധികം ഭക്ഷണ വിഭവങ്ങളില്ലാത്തതിനാല്‍ പലരും വൈറ്റമിന്‍  ഡിസപ്ലിമെന്റുകള്‍ വാങ്ങി കഴിക്കുകയാണ് ചെയ്യുക. എന്നാല്‍ ശരീരത്തിന് ഓരോ ദിവസവും ആവശ്യമായ വൈറ്റമിന്‍ ഡി പ്രദാനം ചെയ്യാന്‍ കൂണ്‍ കഴിക്കുന്നതിലൂടെ സാധിക്കുമെന്ന് പുതിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നു.

കൂണ്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരത്തിലെ വൈറ്റമിന്‍ ഡി തോത് ഉയരുമെന്ന് ഫുഡ് സയന്‍സ് ആന്‍ഡ് ന്യുട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. വൈറ്റ്, ക്രമിനി, പോര്‍ട്ട്‌ബെല്ല കൂണുകള്‍ 1: 1 :1 അനുപാതത്തിലാണ് ഗവേഷകര്‍ പരിശോധിച്ചത്. അള്‍ട്രാ വയലറ്റ് രശ്മികള്‍ നേരിട്ട് പതിച്ച കൂണുകളും ചിപ്പി കൂണുകളും പഠനത്തില്‍ ഉള്‍പ്പെടുത്തി. ഒന്‍പതിനും 18നും ഇടയിലും 19ന് മുകളിലും പ്രായമുള്ള വിഭാഗക്കാരില്‍ ഓരോ തരം കൂണ്‍ കഴിച്ചപ്പോഴുണ്ടായ ഗുണങ്ങളാണ് അവലോകനം ചെയ്തത്. ഓരോ ഗ്രൂപ്പിനോടും 84 ഗ്രാം കൂണ്‍ വീതം കഴിക്കാനാണ് ആവശ്യപ്പെട്ടത്.

കൂണ്‍ കഴിക്കുന്നതിലൂടെ ഡയറ്ററി ഫൈബര്‍, കോപ്പര്‍, ഫോസ്ഫറസ്, പൊട്ടാസിയം, സെലീനിയം, സിങ്ക്, റൈബോഫ്‌ളേവിന്‍, നിയാസിന്‍, കോളിന്‍ എന്നിവയുടെ തോത് ഉയരുമെന്ന് പഠനത്തില്‍ കണ്ടെത്തി. അള്‍ട്ര വയലറ്റ് രശ്മികളേറ്റ കൂണുകള്‍ ഒരു നേരം കഴിച്ചപ്പോള്‍ തന്നെ പ്രതിദിന വൈറ്റമിന്‍ ഡി ആവശ്യകത നിറവേറിയെന്നും ചിലപ്പോഴൊക്കെ അത് കവിഞ്ഞു പോയെന്നും പഠനത്തില്‍ കണ്ടെത്തി. വാങ്ങിയ കൂണുകള്‍ കുറച്ച് മണിക്കൂറുകള്‍ വെയിലത്ത് വയ്ക്കുന്നതും അവയുടെ വൈറ്റമിന്‍ ഡി തോത് ഉയര്‍ത്താന്‍ സഹായകമാണ്.

Related Articles

Back to top button