IndiaKeralaLatest

പി സി ജോർജിന്റെ യു ഡി എഫ് പ്രവേശനം ഉടൻ ഉണ്ടാകും

“Manju”

 

കോട്ടയം: പി സി ജോർജിന്റെ യു ഡി എഫ് പ്രവേശനം ഉടൻ ഉണ്ടാകും. അടുത്തയാഴ്ച തന്നെ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത. ജോർജിനെ മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച് കോൺഗ്രസ് ഹൈക്കമാൻഡും പി കെ കുഞ്ഞാലിക്കുട്ടിയും നടത്തിയ ഇടപെടലുകളാണ് നിർണായകമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര കോട്ടയം ജില്ലയിലെത്തുന്നതോടെ ജോർജും മുന്നണിയിലെത്താനാണ് സാധ്യത. നേരത്തെ ജോർജ് മൂന്നു സീറ്റുകൾ ആവശ്യപ്പെട്ടെങ്കിലും ഒരെണ്ണമേ നൽകൂ എന്നു നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ജോർജും അംഗീകരിച്ചു.

പൂഞ്ഞാർ, പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകളാണ് ജോർജ് ആവശ്യപ്പെട്ടത്. ഇതിൽ പൂഞ്ഞാർ മാത്രമാകും ലഭിക്കുക. പൂഞ്ഞാറിൽ മുസ്ലിം വിഭാഗത്തിന്റ എതിർപ്പ് സംബന്ധിച്ച് ജോർജ് നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ കുഞ്ഞാലിക്കുട്ടി തന്നെ മുൻകൈയ്യെടുക്കും.

പൂഞ്ഞാറിലെ, വിശേഷിച്ച് ഈരാ റ്റുപേട്ടയിലെ മുസ്ലിം വിഭാഗവുമായി ജോർജിനുള്ള പ്രശ്നങ്ങളാണ് പരിഹരിക്കേണ്ടത്. കുഞ്ഞാലിക്കുട്ടി നേരിട്ട് പൂഞ്ഞാറിലെത്തി ലീഗ് നേതാക്കളെ കാണും. മറ്റ് മുസ്ലിം സംഘടനാ നേതാക്കളെയും കുഞ്ഞാലിക്കുട്ടി കണ്ട് നേരിട്ട് അനുനയിപ്പിക്കും.

യു ഡി എഫിന് ഒരു സീറ്റുകൂടി ഇതുവഴി ഉറപ്പാക്കുകയാണ് കുഞ്ഞാലിക്കുട്ടി ലക്ഷ്യമിടുന്നത്. ഒത്തുതീർപ്പിൻ്റെ ഭാഗമായി പിസി ജോർജ് ഈരാറ്റുപേട്ടയിൽ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുത്ത് തൻ്റെ നിലപാട് വ്യക്തമാക്കും. തനിക്ക് പറ്റിയ തെറ്റ് പരസ്യമായി ഏറ്റുപറഞ്ഞ് മുസ്ലിം വോട്ടർമാരോട് മാപ്പപേക്ഷിക്കാനാണ് ജോർജിൻ്റെ തീരുമാനം . അതും ധാരണയുടെ ഭാഗമാണ്.

അടുത്തയാഴ്ചയോടെ ഈ സുപ്രധാന തിരുമാനം പ്രഖ്യാപിക്കും. കോൺഗ്രസിൽ രമേശ് ചെന്നിത്തലയും ജോർജിൻ്റെ വരവിനെ അനുകൂലിച്ചു. അതിനു പുറമെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ജോർജിന് വേണ്ടി ഹൈക്കമാൻഡ് വഴി ഇടപ്പെട്ടു.

ബിഷപ്പ് ഫ്രാങ്കോ വഴി ഹൈക്കമാൻഡിനെ നേരിട്ട് സ്വാധീനിച്ചതോടെയാണ് മുന്നണി പ്രവേശനം വേഗത്തിൽ സാധ്യമായത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പിന്തുണയും ഈ നീക്കത്തിനുണ്ടായിരുന്നു. നേരത്തെ കേരളത്തിൽ നടന്ന ചർച്ചകളിൽ ചില ക്രൈസ്തവ സമുദായ നേതാക്കൾ പി സിയെ മുന്നണിയിൽ എടുക്കണമെന്ന് നിർബന്ധം പിടിച്ചിരുന്നു .

അതിനിടെ ജോർജ് ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ പരാമർശങ്ങളിൽ എ’ ഗ്രൂപ്പിനു കടുത്ത എതിർപ്പുണ്ട്. ജോർജിനെ ഐ ഗ്രൂപ്പ് പ്രമോട്ട് ചെയ്യുന്നതിന് പിന്നിലും ഉമ്മൻ ചാണ്ടിക്കെതിരായ നീക്കമുണ്ട് എന്നാണ് കരുതുന്നത്. അതേസമയം ജോർജ് മുന്നണിയുടെ ഭാഗമാകില്ല. പകരം യു ഡി എഫ് പിന്തുണക്കുന്ന സ്വാതന്ത്രനായിട്ടായിരിക്കും ജോർജ് മത്സരിക്കുക.

Related Articles

Back to top button