IndiaKeralaLatest

രാജ്യാന്തര ചലച്ചിത്രമേള ബുധനാഴ്ച മുതല്‍

“Manju”

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളക്ക് ബുധനാഴ്ച തലസ്ഥാന നഗരിയില്‍ തുടക്കമാകും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജന്‍ 25-ാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. എം എല്‍ എ മാരായ വി. കെ. പ്രശാന്ത്, എം. മുകേഷ്, ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാന്‍ ടി. കെ. രാജീവ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും.

കര്‍ശനമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാവും മേള നടക്കുക. മേളയ്ക്ക് സാധാരണയുണ്ടാകുന്ന തിരക്കൊഴിവാക്കാന്‍ നാല് ജില്ലകളിലായാണ് ഇത്തവണ മേള സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നിവിടങ്ങളിലായി ഫെബ്രുവരി പത്തു മുതല്‍ മാര്‍ച്ച്‌ അഞ്ചുവരെയാണ് മേള നടക്കുക. തിരുവനന്തപുരത്ത് ഫെബ്രുവരി പത്തു മുതല്‍ 14-വരെയും 17 മുതല്‍ 21 വരെ കൊച്ചിയിലും 23 മുതല്‍ 27 വരെ തലശ്ശേരിയിലും മാര്‍ച്ച്‌ ഒന്നു മുതല്‍ അഞ്ചുവരെ പാലക്കാടുമായാണ് മേള ക്രമീകരിച്ചിരിക്കുന്നത്.

മേളയില്‍ പങ്കെടുക്കുന്നവര്‍ കോവിഡ് പരിശോധനാ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തലസ്ഥാനത്ത് വിവിധ തീയേറ്ററുകളിലായി 2,164 സീറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇത്തവണ വിദേശീയരായ അതിഥികള്‍ നേരിട്ട് പരിപാടിയില്‍ പങ്കെടുക്കില്ല. പകരം പ്രമുഖര്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ പ്രഭാഷണങ്ങളും സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button