KeralaLatest

ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളത്തിനായി ഒരു കോടി രൂപ

“Manju”

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം, കൗണ്‍സില്‍മാരുടെ ഹോണറേറിയം, ബോര്‍ഡ് മെമ്പര്‍മാരുടെ ഹോണറേറിയും തുടങ്ങിയവ നല്‍കുന്നതിനായി ഒരു കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോർഡിലെ ജീവനക്കാരുടെ കുടിശികയുള്ള ശമ്പളം, ഓണറേറിയം തുടങ്ങിയ നല്‍കിത്തീര്‍ക്കാനാണ് ഇത്രയും തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഓര്‍ഫണേജസ് ആന്‍ഡ് അദര്‍ ചാരിറ്റബിള്‍ ഹോംസ് നിയമ പ്രകാരം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡ്. ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ 1992 സ്ഥാപനങ്ങളിലായി 76,000ത്തോളം ഗുണഭോക്താക്കളാണുള്ളത്. ഓര്‍ഫണേജസ് ആന്‍ഡ് അദര്‍ ചാരിറ്റബിള്‍ ഹോംസ് നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതും അംഗീകാരം പുതുക്കി നല്‍കുന്നതും അവയുടെ മേല്‍നോട്ട നിരീക്ഷണം നിര്‍വഹിക്കുന്നതും ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡാണ്.

ഫണ്ടിങ് ഹോമുകള്‍ക്കുള്ള ധനസഹായം, അഗതികളായ കുട്ടികള്‍ക്ക് വേണ്ടിയുള്ള അനാഥാലയങ്ങള്‍ക്കുള്ള ഗ്രാന്റ്, യാചക മന്ദിരങ്ങള്‍ക്കുള്ള ധനസഹായം, വൃദ്ധ സദനങ്ങള്‍ക്കുള്ള ധനസഹായം, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സംരക്ഷണ ഭവനങ്ങള്‍ക്കുള്ള ധനസഹായം, അനാഥാലയങ്ങളില്‍ സംരക്ഷിക്കപ്പെടുന്ന അന്തേവാസികള്‍ക്ക് തൊഴിലധിഷ്ഠിത സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള ഉന്നത പഠനത്തിനുള്ള സാമ്പത്തിക സഹായം, അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സീറ്റ് റിസര്‍വേഷന്‍, അംഗീകാരമുള്ള വനിത ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളുടെ വിവാഹവും പുനരധിവാസവും സംബന്ധിച്ച പദ്ധതി, അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യം നല്‍കുക എന്നിവയാണ് ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സേവനങ്ങള്‍. ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വിവിധ ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള പ്രതിമാസ ഗ്രാന്റ് ഈ സര്‍ക്കാര്‍ 1100 രൂപയായി വര്‍ധിപ്പിച്ചിരുന്നു.

Related Articles

Back to top button