KeralaLatestWayanad

വിദ്യാര്‍ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കാന്‍ ഉത്തരവ്

“Manju”

വയനാട്: ക്ലാസ് മുറിയില്‍ നിന്ന് പാമ്പ് കടിയേറ്റ് മരിച്ച ഷഹലാ ഷെറിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. അതോടൊപ്പം തന്നെ സ്‌കൂള്‍ അധികൃതര്‍ക്കും മെഡിക്കല്‍ ഓഫിസര്‍ക്കുമെതിരേ അടിയന്തര നടപടികള്‍ സ്വീകരിക്കാനും ഡിവൈ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സുല്‍ത്താന്‍ ബത്തേരി പുത്തല്‍കുന്ന് സര്‍ക്കാര്‍ സര്‍വജന വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹ്‌ലാ ഷറിന്‍ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയിലാണ് നടപടി. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാര്‍ക്കാണ് കമ്മീഷന്‍ ഉത്തരവ് നല്‍കിയത്. വിദ്യാര്‍ഥിനിയുടെ മരണത്തിന് ഉത്തരവാദികളായ സ്‌കൂള്‍ അധികൃതര്‍ക്കും ആരോഗ്യ വകുപ്പിലെ മെഡിക്കല്‍ ഓഫിസര്‍ക്കുമെതിരേ നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിച്ച ശേഷം അക്കാര്യം കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലിസ് രജിസ്റ്റര്‍ ചെയ്ത 811/2019 കേസിന്റെ അന്വേഷണം ഡിവൈഎസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച്‌ പൂര്‍ത്തിയാക്കി കോടതി മുമ്പാകെ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വയനാട് ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കേസിലെ നാലാം പ്രതിയായ ഡോക്ടര്‍ക്കെതിരേ നടപടിയെടുക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് കൂടി ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് കാരണം മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചില്ലെന്ന ആരോഗ്യ വകുപ്പിന്റെ വാദം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കമ്മീഷന്‍ വിലയിരുത്തി. സ്‌കൂള്‍ അധിക്യതരുടെ ഭാഗത്ത് വീഴ്ചയുള്ളതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചു. സ്‌കൂള്‍, ആശുപത്രി അധിക്യതരുടെ വീഴ്ച കൊണ്ടാണ് പിഞ്ചുബാലികയുടെ ജീവന്‍ നഷ്ടമായതെന്നാണ് റിപോര്‍ട്ടുകളില്‍ നിന്നും മനസ്സിലാക്കുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

Related Articles

Back to top button