IndiaLatest

സ്വതന്ത്ര്യ ഇന്ത്യയിലെ വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യ സ്ത്രീയാകാന്‍ ഒരുങ്ങി ഷബ്‌നം

“Manju”

ലഖ്‌നൗ: സ്വതന്ത്ര്യ ഇന്ത്യയിലെ വധശിക്ഷയ്ക്ക് വിധേയയാകുന്ന ആദ്യ സ്ത്രീയാകാന്‍ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്‌നം. കാമുകനുമായുള്ള ബന്ധത്തെ എതിര്‍ക്കുമെന്ന് ഭയന്ന് മാതാപിതാക്കളും സഹോദരങ്ങളുമുള്‍പ്പെടെ ഏഴു പേരെ കൊലപ്പെടുത്തിയ ഷബ്‌നത്തെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ ഉത്തര്‍പ്രദേശിലെ മഥുര ജയിലില്‍ തുടങ്ങി. മരണവാറന്റ് പുറപ്പെടുവിക്കാത്തതിനാല്‍ തൂക്കിലേറ്റുന്ന തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് ജയില്‍ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ വ്യക്തമാക്കി.

നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ പവന്‍ ജല്ലാദ് തന്നെയാണ് ഷബ്‌നത്തെയും തൂക്കിലേറ്റുന്നത്. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം കഴുമരത്തിന്റെ ചില ഭാഗങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. ബക്‌സറില്‍നിന്നുള്ള കയറും മഥുരയിലെ ജയിലില്‍ എത്തിച്ചു. സംസ്ഥാനത്ത് സ്ത്രീകളെ തൂക്കിലേറ്റുന്നതിനുള്ള ഏക കേന്ദ്രമുള്ളത് മഥുരയിലെ ജയിലിലാണ്. 150 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ സ്ത്രീയെ ആദ്യമായും അവസാനമായും തൂക്കിക്കൊന്നത്.

2008 ഏപ്രില്‍ 14-നാണ് അംറോഹ ജില്ലയിലെ ബവാങ്കേഡ സ്വദേശിയായ ഷബ്‌നവും കാമുകന്‍ സലീമും ചേര്‍ന്ന് ഷബ്‌നത്തിന്റെ മാതാപിതാക്കള്‍, ആറുമാസം പ്രായമുള്ള അനന്തരവന്‍ എന്നിവരുള്‍പ്പെടെ ഏഴുപേരെ കോടാലികൊണ്ട് വെട്ടിക്കൊന്നത്. കേസില്‍ ഷബ്‌നവും സലീമും അറസ്റ്റിലായിരുന്നു. 2010 ജൂലായിലാണ് ഇരുവരെയും ജില്ലാ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളി.

Related Articles

Back to top button