KeralaLatest

മെഡിക്കല്‍ കോളേജില്‍ ബഹുനില പാര്‍ക്കിംഗ് കേന്ദ്രം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: നഗരത്തിലെ പാര്‍ക്കിംഗ് പ്രശ്നത്തിന് പരിഹാരമായി മെഡിക്കല്‍ കോളേജില്‍ പുതിയൊരു ബഹുനില പാര്‍ക്കിംഗ് കേന്ദ്രം വരുന്നു. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ ആര്യ രാജേന്ദ്രന്‍ അദ്ധ്യക്ഷയാകും.

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍മ്മിക്കുന്ന സെമി ആട്ടോമാറ്റിക് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനത്തില്‍ 202 കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീഗര്‍ സ്‌പിന്‍ ടെക്ക് എക്യുപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്ക്കാണ് നിര്‍മ്മാണ കരാര്‍ നല്‍കിയിരിക്കുന്നത്. 12 കോടി രൂപ ചെലവിടുന്ന പദ്ധതി നാലു മാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഒ.പി ബ്ലോക്കിന് സമീപവും നിലവിലെ അത്യാഹിത വിഭാഗത്തിന് മുന്നിലും മറ്റ് രണ്ട് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് കേന്ദ്രം കൂടി നിര്‍മ്മിക്കാനും പദ്ധതിയുണ്ട്.

ഇതുകൂടാതെ പാളയത്ത് സാഫല്യം കോംപ്ലക്‌സിന് പിറകിലായി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിംഗ് സംവിധാനം നിര്‍മ്മിക്കും. ഏഴു നിലയുള്ള പാര്‍ക്കിംഗ് കേന്ദ്രത്തില്‍ 568 കാറും 270 ഇരുചക്ര വാഹനങ്ങളും പാര്‍ക്ക് ചെയ്യാം. 32.99 കോടിയാണ് ചെലവ്. പുത്തരിക്കണ്ടം മൈതാനത്തും മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചു. 15 മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കും.
ശ്രീചിത്ര പാര്‍ക്ക്, പുത്തരിക്കണ്ടം മൈതാനം, പാളയം മാര്‍ക്കറ്റ്, ചാല എന്നിവിടങ്ങളില്‍ കൂടി മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ നഗരസഭയ്ക്ക് പദ്ധതിയുണ്ട്. ഈ നാലിടങ്ങള്‍ കൂടാതെ പവര്‍ഹൗസ് റോഡ്, സി.വി. രാമന്‍പിള്ള റോഡ്, ബേക്കറിപാളയം റോഡ്, ചാല ബസാര്‍ എന്നിവിടങ്ങളില്‍ ഓണ്‍സ്ട്രീറ്റ് പാര്‍ക്കിംഗ് സംവിധാനം ഒരുക്കും. ഇപ്പോള്‍ എം.ജി. റോഡ് മുഴുവനായും പെയ്ഡ് പാര്‍ക്കിംഗ് സംവിധാനത്തിലേക്ക് കോര്‍പ്പറേഷന്‍ മാറ്റിയിട്ടുണ്ട്. ഇത് മറ്റ് റോഡുകളിലേക്ക് വിപുലപ്പെടുത്താനും ആലോചനയുണ്ട്.

Related Articles

Back to top button