KeralaLatestThiruvananthapuram

33 വര്‍ഷം മുമ്പ് കാണാതായ സഹോദരനെ കണ്ടെത്തി

“Manju”

പത്തനംതിട്ട: മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ബന്ധുവീട്ടിലേക്ക് പോയ സഹോദരന്‍ വഴിതെറ്റി എങ്ങോ പോയെന്നല്ലാതെ മറ്റ് വിവരങ്ങളൊന്നും അറിയാതെ കണ്ണീരുമായി കാത്തിരിക്കുകയായിരുന്നു ഈ ജ്യേഷ്ഠന്‍. ഏറെ നാള്‍ അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. പിന്നീട് വര്‍ഷങ്ങള്‍ പതിറ്റാണ്ടുകളായി കാലചക്രം തിരിഞ്ഞപ്പോള്‍ ഒടുവില്‍ കടത്തിണ്ണയില്‍ നിന്നും സഹോദരനെ കണ്ടെത്തിയിരിക്കുകയാണ് മണികണ്ഠന്‍.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച സഹോദരനെ കുറിച്ച്‌ വിവരമറിഞ്ഞെത്തിയ മണികണ്ഠന് ‘മധുസൂദനാ’.. എന്നൊന്ന് വിളിക്കേണ്ടി വന്നുള്ളൂ. സ്വരം തിരിച്ചറിഞ്ഞ മധുസൂദനന്‍ ആശുപത്രി കിടക്കയില്‍ നിന്നും ചാടി എണീറ്റ് ശബ്ദം കേട്ട ഭാഗത്തേക്ക് കണ്ണോടിക്കുകയായിരുന്നു. അവശനായി കിടന്ന ആള്‍ ചാടി എണീറ്റ് ശബ്ദം കേട്ട ഭാഗത്തേക്ക് ഓടിയത് മറ്റ് രോഗികളേയും കൂട്ടിരിപ്പുകാരേയും അമ്ബരപ്പിച്ചു. അടുത്തു കിടന്ന മറ്റു രോഗികളോട് അത് തന്റെ ജ്യേഷ്ഠന്റെ സ്വരമാണെന്ന് പറഞ്ഞായിരുന്നു മധുസൂദനന്‍ ആ ശബ്ദം തിരിച്ചറിഞ്ഞത്. വാതിലിനടുത്തേക്ക് ഓടിയെത്തി അവിടെ മുന്നില്‍ നിന്ന ആളെ സൂക്ഷിച്ചു നോക്കി അല്‍പ്പസമയമെടുത്ത് തന്റെ സന്തോഷം മുഴുവന്‍ ശബ്ദത്തില്‍ ഒളിപ്പിച്ച്‌ ‘ ചേട്ടാ..’ എന്നു പറഞ്ഞ് മണികണ്ഠനെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു മധുസൂദനന്‍.
പിന്നെ ഇരുവരും കെട്ടിപ്പിടിച്ചു കരച്ചില്‍ ആയിരുന്നു. അമ്മ, മറ്റ് സഹോദരങ്ങള്‍ എന്നിവരുടെ എല്ലാം വിവരങ്ങള്‍ ചോദിച്ചു. അമ്മ മരിച്ചതായി അറിഞ്ഞപ്പോള്‍ വാവിട്ടു കരഞ്ഞു. തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോകാനും മണികണ്ഠന്‍ തയ്യാറായി.
സഹോദരന്മാരുടെ പുനസമാഗമം കണ്ട് ചുറ്റും കൂടി നിന്നവരും കണ്ണീരണിഞ്ഞു. കുമ്പഴയിലെ കടത്തിണ്ണയില്‍ അവശനായി കിടക്കുന്ന നിലയിലാണ് മധുസൂദന(62)നെ കണ്ടെത്തിയത്. കോവിഡ് ഭയന്ന് ആരും തിരിഞ്ഞു നോക്കാത്തതിനെ തുടര്‍ന്ന്, വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാ സേനയുടെ സിവില്‍ ഡിഫന്‍സ് സേന ഡിവിഷന്‍ വാര്‍ഡന്‍ ഫിലിപ് മത്തായിയുടെ സഹായത്തോടെ മധുസൂദനനെ ജനറല്‍ ആശുപത്രിയിലാക്കി. ഭക്ഷണവും മരുന്നും കിട്ടിയതോടെ അവശത മാറിയ മധുസൂദനനോട് സിവില്‍ ഡിഫന്‍സ് സേന പോസ്റ്റ് വാര്‍ഡന്‍ ജോജി ചാക്കോ, വാര്‍ഡന്‍ അശ്വിന്‍ മോഹന്‍ എന്നിവര്‍ എത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് 33 വര്‍ഷത്തെ തിരോധാനത്തിന് തുമ്പുണ്ടായത്
തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ അരുണ്‍ ഭവനില്‍ പരേതനായ കമലാസന്‍-സേതു ദമ്പതികളുടെ ഇളയ മകനാണ് താനെന്നും വീട്ടുകാരെപ്പറ്റി മറ്റൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ വിവരം അഗ്നിരക്ഷാ സേന സ്റ്റേഷന്‍ ഓഫിസര്‍ വി വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസ് വഴി അന്വേഷണം നടത്തിയാണ് ബന്ധുക്കളെ കണ്ടെത്തിയത്. മധുസൂദനന്‍ അവിവാഹിതനാണ്. 20 കിലോമീറ്റര്‍ അകലെയുള്ള മീനാങ്കലെ ബന്ധുവീട്ടിലേക്ക് പോകാനായി 33 വര്‍ഷം മുന്‍പ് വീടുവിട്ട് ഇറങ്ങിയതാണ്. പിന്നീട് വിവരമൊന്നും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല.
അഗ്നിരക്ഷാസേനയാണ് മധുസൂദനനെ കുമ്പഴയില്‍ നിന്ന് കണ്ടെത്തി അവശനിലയില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് ബന്ധുക്കളെ അറിയിച്ചത്. വിവരമറിഞ്ഞ് മൂത്ത സഹോദരന്‍ മണികണ്ഠന്‍ അപ്പോള്‍ തന്നെ പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. ജനറല്‍ ആശുപത്രിയില്‍ എത്തി. കോവിഡ് പരിശോധനയ്ക്ക് ശേഷം വൈകിട്ടാണ് വാര്‍ഡില്‍ എത്തി മധുസൂദനനെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചത്. ഒറ്റ നോട്ടത്തില്‍ തന്നെ തിരിച്ചറിയുകയും ചെയ്തു.
ഉടനെ തന്നെ മധുസൂദനനെ കൂട്ടിക്കൊണ്ടു പോകാനായി മണികണ്ഠന്‍ തയ്യാറായെങ്കിലും ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷമേ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ അദ്ദേഹം മടങ്ങി. പിന്നീട് കൂട്ടിക്കൊണ്ടു പോകാനായി തന്റെ ഭാര്യ ഇന്ദിരയെയും കൂട്ടി എത്തി. ഒപ്പം വരാന്‍ മടി പറഞ്ഞാല്‍ കാണിക്കാനായി കുടുംബ സ്വത്തില്‍ മധുസൂദനന് ഒഴിച്ചിട്ടിരിക്കുന്ന 30 സെന്റ് സ്ഥലത്തിന്റെ ആധാരവും അവര്‍ കൊണ്ടുവന്നിരുന്നു.
20 വര്‍ഷമായി അനാഥനായി കുമ്ബഴയിലെ കടത്തിണ്ണയില്‍ അന്തിയുറങ്ങുകയാണ് മധുസൂദനനെന്ന വിവരം അറിഞ്ഞതോടെ ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാര്‍, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി അജിത്കുമാര്‍, പോസ്റ്റ് വാര്‍ഡന്‍ ജോജി ചാക്കോ എന്നിവര്‍ വീട്ടിലേക്ക് മടങ്ങണമെന്ന് മധുസൂദനനെ പറഞ്ഞു മനസ്സിലാക്കി. വണ്ടിക്കൂലിക്കുള്ള പണവും നല്‍കി. പിന്നീട് ആശുപത്രിയ്ക്ക് മുന്നില്‍ ഒട്ടേറെ പേരുടെ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പോടെ മധുവിന്റെ കൈയില്‍ മുറുകെ പിടിച്ച്‌ മണികണ്ഠനും ഇന്ദിരയും മടങ്ങുകയായിരുന്നു.

Related Articles

Back to top button