KeralaLatest

ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ക്രിമിനൽ ഉപദേഷ്ടാവാക്കണം ; ആലപ്പി അഷ്‌റഫ്

“Manju”

കൊച്ചി: മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം 2 ഇന്നലെയാണ് ആമസോൺ പ്രൈമിലൂടെ റിലീസായത്. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയ നിറയെ ദൃശ്യത്തെ പ്രശംസിച്ചുള്ള പോസ്റ്റുകളാണ്. ജോർജ്ജ് കുട്ടിയേയും കുടുംബത്തേയും കേസിൽ നിന്നും രക്ഷപെടുത്തിയ ജീത്തു ജോസഫിന്റെ ക്രിമിനൽ ബ്രില്യൻസ് ആണ് സോഷ്യൽ മീഡിയയിൽ പ്രധാനമായും ചർച്ചയാകുന്നത്. ജീത്തു ജോസഫിനെ കുറിച്ചുള്ള സംവിധായകൻ ആലപ്പി അഷ്‌റഫിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ജീത്തു ജോസഫിനെ മുഖ്യമന്ത്രിയുടെ ക്രിമിനൽ ഉപദേഷ്ടാവായി നിയമിക്കണമെന്നാണ് ആലപ്പി അഷ്‌റഫ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നത്. ഇങ്ങനെ ചെയ്താൽ ലാവ്‌ലിനും സ്വർണക്കടത്തും അടക്കമുള്ള സർക്കാരിനെതിരായ കേസുകളിൽ നിന്ന് ജീത്തു ജോസഫ് പുഷ്പം പോലെ രക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു.

ക്രിമിനൽ കേസിൽ നിന്നും എങ്ങിനെ രക്ഷപെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോർജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ് ജിത്തു ജോസഫ്. ജിത്തു ജോസഫിന്റെ ഉപദേശം തേടിയാൽ തീർച്ചയായും എല്ലാ കേസുകളിൽ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരും. കോടികൾ വക്കീലന്മാർക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സർക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാമെന്നും ആലപ്പി അഷ്‌റഫ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

“ദൃശ്യം ” എന്ന സിനിമയുടെ സംവിധായകനെ മുഖ്യമന്ത്രിയുടെ ക്രിമിനൽകേസ് ഉപദേഷ്ടാവായി നിയമിക്കാവുന്നതാണ്. ക്രിമിനൽ കേസിൽ നിന്നും എങ്ങിനെ രക്ഷപെടാം എന്നു വളരെ സൂഷ്മതയോടെ സിനിമയിലെ കഥാപാത്രമായ ജോർജുകുട്ടിയിലൂടെ ലോകത്തിന് കാണിച്ചു കൊടുത്ത സംവിധായകനാണ്
ജിത്തു ജോസഫ്.

കമ്മ്യുണിസ്റ്റ് രാജ്യമായ ചൈന പോലും അവരുടെ ഭാഷയിൽ റീമേക്ക് ചെയ്ത ചിത്രമാണ് ദൃശ്യം എന്ന സിനിമ. അതിൻ്റെ രണ്ടാം ഭാഗത്തിൽനിന്നു കൂടി സംവിധായകൻ്റെ ബുദ്ധി ഉപയോഗിച്ചു ജോർജുകുട്ടിയെ രക്ഷപെടുത്തിയത് വളരെ ബുദ്ധിപൂർവ്വമായ നീക്കങ്ങളിലൂടെയാണ്. ജനങ്ങൾ അത് നെഞ്ചിലേറ്റി.

ഇവിടുത്തെ കമ്മ്യുണിസ്റ്റ് ഗവൺമെൻ്റ് നേരിടുന്ന കേസ്സുകളായ , ലൗലിൻ, സ്പിംഗ്ലർ, ലൈഫ് ,സ്വർണ്ണകടത്ത്, ഈ-മെബലിറ്റി , തുടങ്ങി പുതിയ കടൽ കച്ചവടം വരെയുള്ള കേസ്സുകളിൽ നിന്നും എങ്ങിനെ രക്ഷപെടാമെന്നു് ആലോചിക്കുന്ന അവസരത്തിൽ , ജിത്തു ജോസഫിൻ്റെ ഉപദേശം തേടിയാൽ തീർച്ചയായും എല്ലാ കേസുകളിൽ നിന്നും പുഷ്പം പോലെ അദ്ദേഹം രക്ഷപ്പെടുത്തി തരും.

ചെയ്ത കുറ്റകൃത്യത്തിൽ നിന്നും രക്ഷപെടാനായുള്ള വഴികൾ കാര്യക്ഷമവും , സൂക്ഷ്മതയിലും അദ്ദേഹം കൈകാര്യം ചെയ്യും. കോടികൾ വക്കീലന്മാർക്ക് കൊടുക്കുന്നത് ഒഴിവാക്കി സംസ്ഥാന സർക്കാരിന് ധനലാഭമുണ്ടാക്കി ജനങ്ങളുടെ നികുതി പണം ലാഭിക്കാം. ജിത്തുവിനെകൂടി ഉപദേശകനായ് നിയമിച്ചാൽ, നിരവധി ഉപദേശകരിൽ ഗവൺമെൻ്റിന് ഏറ്റവും പ്രയോജനമുണ്ടാവുക ഈ ക്രിമിനൽകേസ് ഉപദേശകനിൽ നിന്നുമാകും എന്നതിൽ സംശയമില്ല.
ആലപ്പി അഷറഫ്

Related Articles

Back to top button