India

ഹൊഷംഗാബാദ് ഇനി നർമദാപുരം: പേര് മാറ്റം പ്രഖ്യാപിച്ച് ശിവരാജ് സിംഗ് ചൗഹാൻ; കേന്ദ്രത്തിന്റെ അനുമതി തേടും

“Manju”

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഹൊഷംഗാബാദ് നഗരം നർമദാപുരമായി മാറ്റുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ അനുമതി തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹൊഷംഗബാദിൽ നടന്ന നർമ്മദ ജയന്തി പരിപാടിയിലാണ് ശിവരാജ് സിംഗ് ചൗഹാൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഹൊഷംഗാബാദിലെ ആശുപത്രി സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയാക്കുമെന്നും ദസറ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമിക്കുമെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.

നർമ്മദാ നദിയുടെ തെക്കൻ തീരത്താണ് ഹൊഷംഗബാദ്. മാൽവയിലെ ആദ്യ ഭരണാധികാരിയായിരുന്ന ഹൊഷംഗ് ഷായുടെ സ്മരണാർത്ഥമാണ് ഹൊഷംഗാബാദ് എന്ന പേര് വന്നത്. നേരത്തെ തന്നെ ഹൊഷംഗാബാദിന്റെ പേര് മാറ്റണമെന്ന് വിവിധ തലങ്ങളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.

നർമ്മദ ജയന്തി പരിപാടിയിൽ പങ്കെടുത്ത ജനങ്ങളോട് അഭിപ്രായം തേടിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഏത് പേരാണ് തെരഞ്ഞെടുക്കുന്നതെന്ന ചോദ്യത്തിന് നർമദാപുരമെന്ന മറുപടിയാണ് ജനക്കൂട്ടം നൽകിയത്. തുടർന്നായിരുന്നു ഉടൻ തന്നെ കേന്ദ്രസർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്.

നർമദ നദിയുടെ തീരത്ത് കൂടുതൽ നിർമാണ പ്രവർത്തനങ്ങൾ സർക്കാർ അനുവദിക്കില്ലെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. മാലിന്യപ്ലാന്റുകൾ പോലും നർമ്മദയുടെ തീരത്തെ നഗരങ്ങളിൽ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്ധ്യപ്രദേശിന്റെ ജീവരക്ഷാ മാർഗമാണ് നർമ്മദയെന്ന് പ്രോടേം സ്പീക്കർ രാമേശ്വർ ശർമ പറഞ്ഞു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വി.ഡി ശർമ ഉൾപ്പെടെയുളളവർ തീരുമാനത്തെ സ്വാഗതം ചെയ്തു.

അതേസമയം നാണയപ്പെരുപ്പത്തിൽ നിന്നും ഇന്ധന വിലവർദ്ധനയിൽ നിന്നും ജനശ്രദ്ധ തിരിക്കാനുളള ബിജെപിയുടെ നീക്കമാണ് പേരുമാറ്റമെന്നാണ് കോൺഗ്രസിന്റെ പ്രതികരണം. കോൺഗ്രസ് സംസ്ഥാന വക്താവ് ഭൂപേന്ദ്ര ഗുപ്തയാണ് പാർട്ടി നിലപാട് അറിയിച്ചത്.

Related Articles

Back to top button