IndiaLatest

മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് നല്‍കി; ‘ഡ്രൈവറുടെ’ പണിപോയി

“Manju”

റായ്പൂര്‍: മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് നല്‍കിയ ഡ്രൈവറുടെപണിപോയി. ഛത്തീസ്​ഗഡ്​ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഹെലികോപ്​ടറായ എ ഡബ്ല്യൂ 109 പവര്‍ എലൈറ്റാണ് ഫോട്ടോഷൂട്ടിന് വിട്ടുകൊടുത്തത്. ഹെലികോപ്ടറില്‍ ഇരിക്കുന്ന വരന്റെയും വധുവിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞതും അന്വേഷണം ആരംഭിച്ചതും. സിവില്‍ ഏവിയേഷന്‍ വകുപ്പിലെ ഡ്രൈവര്‍ യോഗേശ്വര്‍ സായിയെയാണ് അധികൃതര്‍ സസ്പെന്‍ഡുചെയ്തത്.

യേഗേശ്വറിന്റെ അടുത്ത സുഹൃത്താണ് വരന്‍. പ്രീവെഡ്ഡിംഗ് ഫോട്ടോഷൂട്ടിന് ഹെലികോപ്ടര്‍ കിട്ടിയാല്‍ നന്നായിരിക്കുമെന്ന് വരന്‍ യോഗേശ്വറിനെ അറിയിച്ചു. ആഗ്രഹം സാധിച്ചുനല്‍കാമെന്ന് യോഗേശ്വര്‍ വരനെ അറിയിക്കുകയും ഹെലികോപ്ടറില്‍ ഫോട്ടോഷൂട്ട് നടത്താന്‍ അനുവദിക്കുകയും ചെയ്തു. ഫോട്ടോഷൂട്ടിനെത്തിയ വധൂവരന്മാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ ഉന്നതരുടെ അനുമതി ഉണ്ടെന്ന് വ്യക്തമാക്കി അവരെ ഹെലികോപ്ടറിനുളളിലേക്ക് കൊണ്ടുപാേയതും യേഗേശ്വറായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ വൈറലായതോടെ പ്രതികരണവുമായി മുഖ്യമന്ത്രി ഭൂപേഷ്​ ബാഗല്‍ തന്നെ രംഗത്തെത്തി. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌​ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി. യോഗേശ്വറാണ് എല്ലാത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായതോടെയാണ് അയാള്‍ക്കെതിരെ നടപടി എടുത്തത്. ഔദ്യോഗിക സുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നും ആളു​കളെ​ ഔദ്യോഗിക വാഹനത്തില്‍ പ്രവേശിപ്പിച്ചുവെന്നും സിവില്‍ ഏവിയേഷന്‍ വകുപ്പ്​ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ശക്തമായ നടപടി എടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button