KeralaKollamLatest

കെഎസ്‌ആര്‍ടിസി ബസ് കടത്തിക്കൊണ്ട് പോയ പ്രതി പിടിയില്‍

“Manju”

കൊല്ലം: കൊട്ടാരക്കരയില്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസ് കടത്തിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി നിധിനെയാണ് (ടിപ്പര്‍ അനി) പോലീസ് പിടികൂടിയത്.പാലക്കാട്ട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാലക്കാട് ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. നിരവധി വാഹനമോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പോലീസ് പറഞ്ഞു.

അര്‍ധരാത്രി വീട്ടില്‍ പോകാനായാണ് ബസ് കടത്തിക്കൊണ്ടുപോയതെന്നാണ് ഇയാളുടെ മൊഴി. ഫെബ്രുവരി എട്ടിനാണ് കെഎസ്‌ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിലെ വേണാട് ബസ് കാണാതായത്. ഡിപ്പോയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ബസ് അര്‍ധരാത്രി കടത്തിക്കൊണ്ടുപോവുകയായിരുന്നു. പിറ്റേ ദിവസം ബസ് കാണാതിരുന്ന അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണത്തില്‍ ബസ് പാരിപ്പള്ളിയില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഒരു യുവാവാണ് ബസ് കടത്തിക്കൊണ്ടുപോയതെന്ന് വ്യക്തമായിരുന്നു. എന്നാല്‍ പ്രതിയെക്കുറിച്ച്‌ പിന്നീട് യാതൊരു സൂചനയും ലഭിച്ചില്ല.

തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് നിരവധി വാഹനമോഷണക്കേസുകളില്‍ പ്രതിയായ നിധിന്‍ സംഭവദിവസം രാത്രി കൊട്ടാരക്കരയിലുണ്ടായിരുന്നതായി കണ്ടെത്തിയത്. ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ബസ് സഞ്ചരിച്ച അതേ പാതയിലുള്ള സ്ഥലങ്ങളാണെന്നും മനസിലാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Related Articles

Back to top button