IndiaKeralaLatest

ഇടുക്കി പാക്കേജ് : നൂറ്റാണ്ടിലെ തമാശ – ഇബ്രാഹിംകുട്ടി കല്ലാര്‍

“Manju”

കട്ടപ്പന: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച 12000 കോടി രൂപയുടെ പുതിയ ഇടുക്കി പാക്കേജ് നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

പിണറായി സര്‍ക്കാര്‍ മുമ്പ് പ്രഖ്യാപിച്ച 6000 കോടി രൂപയുടെ പാക്കേജിന് എന്ത് സംഭവിച്ചുവെന്ന് പറയാതെ പുതിയ പാക്കേജിന് തുടക്കമിടുന്നത് ജില്ലയിലെ ജനങ്ങളുടെ ഓര്മകശക്തി പരീക്ഷിക്കലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ പാക്കേജ് പ്രഖ്യാപനം വോട്ട് ബാങ്ക് മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ളതാണ്.

2019 ലാണ് ഇടത് സര്‍ക്കാര്‍ 5000 കോടിയുടെ പ്രത്യേക ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതോടനുബന്ധിച്ചുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാനോ നയാ പൈസയുടെ ഫണ്ട് വകയിരുത്താനോ സംസ്ഥാന സര്‍ക്കാരിന് സാധിച്ചില്ല. എന്നിട്ടും 2020 ല്‍ 1000 കോടിയുടെ പുതിയ പാക്കേജ് പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.

കടബാധിതമൂലം 15 കൃഷിക്കാര്‍ ആത്മഹത്യ ചെയ്ത ജില്ലയാണ് ഇടുക്കി. സംസ്ഥാനത്തെ മറ്റൊരു ജില്ലയിലെ ജനങ്ങള്‍ക്കും ഈ ദുര്‍ഗതി ഉണ്ടായില്ല. കാലാവസ്ഥാ വ്യതിയാനംമൂലം കൃഷി നശിച്ച ജില്ലയിലെ കര്‍ഷകരുടെ കടം എഴുതി തള്ളുന്നതിനുപോലും നടപടിയുണ്ടായില്ല. അഞ്ച് വര്‍ഷം കൊണ്ട് 12000 കോടി രൂപ ചെലവഴിക്കുമെന്ന പുതിയ പാക്കേജ് പ്രഖ്യാപിച്ചത് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ മുന്‍ പാക്കേജ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികൂടിയാണ് സ്വീകരിക്കേണ്ടത്.

ഇടത് സര്‍ക്കാരിന്റെ വാഗ്ദാന ലംഘനങ്ങളുടെ ശവപറമ്പായ ഇടുക്കിയിലെത്തിയാണ് പുതിയ പാക്കേജ് പ്രഖ്യാപിച്ചത് എന്നകാര്യം മുഖ്യമന്ത്രി വിസ്മരിക്കരുത്. 1964 ലെയും 1993 ലെയും ഭൂമി പതിവ് ചട്ടങ്ങള്‍ ഭേദഗതിചെയ്യാത്തതുമൂലം ജില്ലയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ സ്തംഭിച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ പുതിയ പാക്കേജുമായെത്തി ജില്ലയിലെ ജനങ്ങളുടെ മുമ്പില്‍ കൊഞ്ഞനം കുത്തുന്ന നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ദേശീയ ഉദ്യാനങ്ങളുടെ പരിസര പ്രദേശങ്ങളില്‍ താമസിക്കുന്ന കൃഷിക്കാരെ ബഫര്‍ സോണില്‍ ഉള്‍പ്പെടുത്തിയ നിരുത്തരവാദപരമായ തീരുമാനമെടുത്തത് ഇടത് സര്‍ക്കാരാണ്. തമിഴ്നാട് സര്‍ക്കാര്‍ ബഫര്‍ സോണ്‍ പരിധി ‘0’ കി.മി എന്ന് രേഖപ്പെടുത്തിയപ്പോള്‍ കേരളത്തിലെ വനംവകുപ്പ് ജനവാസ മേഖലകള്‍ ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്കിയത് അംഗീകരിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.

12000 കോടി രൂപയുടെ പാക്കേജ് യഥാര്‍ത്ഥത്തില്‍ എല്‍ഡിഎഫിന്‍റെ ഈ പ്രകടന പത്രികയില്‍ പറയേണ്ട കാര്യം മാത്രമാണ്. സര്‍ക്കാര്‍ ചെലവില്‍ കട്ടപ്പനയിലെത്തി മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിജയാരാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു.

ഭരണഘടനാ പദവിയില്‍ ഇരുന്നുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുന്നത് മുഖ്യമന്ത്രി പദത്തിന്റെ അന്തസിന് ചേര്‍ന്നതല്ല. മൂന്നു ലക്ഷം കോടി രൂപയോളം പൊതു കടം ഉള്ള സംസ്ഥാനത്ത് ഒരു ജില്ലയ്ക്ക് മാത്രം 12000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത് ശുദ്ധ തട്ടിപ്പാണ് എന്നതിന്റെ തെളിവാണ്.

മുമ്പ് പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സമരം നടത്തുകയും സത്യാഗ്രഹമിരിക്കുകയും ചെയ്ത് റോഷി അഗസ്റ്റ്യന്‍ എംഎല്‍എ ഇപ്പള്‍ ഇടതു സര്‍ക്കാരിന്റെ കുഴലൂത്തുകാരനായി മാറിയിരിക്കുകയാണെന്നും അദേഹം പറഞ്ഞു.

ജില്ലയില്‍ കര്‍ഷക ആത്മഹത്യകള്‍ ഏറ്റവും കൂടുതല്‍ നടന്ന നിയോജകമണ്ഡലമാണ് ഇടുക്കിയെന്നതും ഇവിടെ സ്ഥിതിചെയ്യുന്ന മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ അംഗീകാരം നഷ്ടപ്പെട്ടത് നേടിയെടുക്കാന്‍ ചെറുവിരലനക്കാന്‍ പോലും എംഎല്‍എയ്ക്ക് സധിച്ചില്ലായന്നത് ദുഖകരമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ എഐസിസി സെക്രട്ടറി അഡ്വ ഇ.എം ആഗസ്തി, ഡിസിസി വൈസ് പ്രസിഡന്‍റ് ജോയി വെട്ടിക്കുഴി, ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി, അഡ്വ . കെ.ജെ ബെന്നി, ജോയി പൊരുന്നോലി എന്നവരും പങ്കെടുത്തു.

Related Articles

Back to top button