IndiaKeralaLatest

സ്വാമി പരിപൂര്‍ണ്ണ ജ്ഞാന തപസ്വി ഗുരുജ്യോതിയില്‍ ലയിച്ചു.

“Manju”

പോത്തന്‍കോട്: ശാന്തിഗിരി ആശ്രമം വൈസ് പ്രസിഡന്റ് സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി (75)  ഗുരുജ്യോതിയില്‍ ലയിച്ചു. (ഇന്ന് മാര്‍ച്ച് 2 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.19 ന്) വെഞ്ഞാറമ്മൂട് ശ്രീഗോകുലം മെഡിക്കൽ കോളേജില്‍ ചികിത്സയിലായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കു പുറമെ മെനിഞ്ചൈറ്റിസ്, പാർക്കിൻസൺസ്, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങൾക്കുള്ള ചികിത്സയിലായിരുന്നു. ഫെബ്രുവരി 24 നാണ് സ്വാമിയെ ശ്രീഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്നാളെ, മാര്‍ച്ച് 3 ബുധനാഴ്ച രാവിലെ 10.00മണിമുതല്‍ പൊതുദര്‍ശനം, തുടര്‍ന്ന്  ഉച്ചകഴിഞ്ഞ് 3.00 മണിക്ക് സംസ്കാര ചടങ്ങുകള്‍ ആശ്രമം വളപ്പില്‍ നടക്കും.

1946 ഒക്ടോബര്‍ 1ന് കണ്ണൂർ കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം തൈവിളപ്പിൽ കെ.പി.രാമന്റേയും കെ.വി.പാറു അമ്മയുടേയും രണ്ടാമത്തെ പുത്രനായി സ്വാമി പരിപൂര്‍ണ്ണ ജ്ഞാനതപസ്വി (പൂര്‍വ്വാശ്രമത്തിലെ നാമം ബാലകൃഷ്ണന്‍ റ്റി.വി. ) ജനിച്ചു. ചെറുകുന്നം ഗവ.ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം എയർഫോഴ്സിൽ ജോലി ലഭിച്ചു. അവിടെ വെച്ച് ഓട്ടോമൊബൈൽസ് എൻജിനീയറിംഗിൽ വിദഗ്ദ പരിശീലനം നേടി. 17 വർഷത്തെ സേവനത്തിനു ശേഷം എയർഫോഴ്സില്‍ നിന്ന് വിരമിച്ചു. സഹോദരങ്ങൾ: കുഞ്ഞിരാമൻ. റ്റി.വി., സാവിത്രി റ്റി.വി., ലക്ഷ്മണൻ റ്റി.വി., ചന്ദ്രമതി റ്റി.വി., കരുണാകരൻ റ്റി.വി., രാജൻ റ്റി.വി., . പൂര്‍വ്വാശ്രമത്തില്‍ യശോദ സഹധര്‍മ്മിണിയായിരുന്നു. ബി.ഉമ , ബി.അരവിന്ദ് എന്നിവരാണ് മക്കള്‍. ഷെറിന്‍ ചോമ്പാലയാണ് മകള്‍ ഉമയുടെ ഭര്‍ത്താവ്. ശാന്തിഗിരി ആശ്രമം ഗുരുധര്‍മ്മപ്രകാശ സഭയിലെ സന്യാസിനി ജനനി നന്മപ്രിയ ജ്ഞാനതപസ്വിനി സഹോദരി പുത്രിയാണ്.

1999 ജൂലൈ 16ന് സന്യാസദീക്ഷ സ്വീകരിച്ച് ഗുരുധര്‍മ്മപ്രകാശസഭാംഗമായി. ആശ്രമത്തിന്റെ ഇന്നത്തെ പുരോഗതിയ്ക്ക് പിന്നില്‍ നിസ്തുലമായ സംഭാവനകള്‍ നല്‍കുന്നതിന് അദ്ദേഹത്തിന് സാധിച്ചു. ആശ്രമത്തില്‍ ആദ്യമായി ഒരു വാഹനം വാങ്ങിയത് കെ.എസ്. ആര്‍.റ്റി.സി ബസ്സാണ്. അത് വാങ്ങുന്നതിന് മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ് സ്വാമി. ഈ ബസിലാണ് ഗുരു പിന്നീട് കേരളത്തിനകത്തും പുറത്തും ദീര്‍ഘകാലം തീര്‍ത്ഥയാത്ര നടത്തിയിട്ടുള്ളത്.

ശാന്തിഗിരി ആശ്രമം ന്യൂഡല്‍ഹി ബ്രാഞ്ച് (2003-2004), ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ ബത്തേരി ബ്രാഞ്ച്,(2004 – 2012) എന്നിവിടങ്ങളില്‍ ആശ്രമം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ആശ്രമം വെഹിക്കിള്‍ വിഭാഗത്തിന്റെ ചുമതലയിലും ആശ്രമം ട്രഷററായും, ഡയറക്ടര്‍ ആയും നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ സ്വാമി കാഴ്ചവെച്ചു. നിലവില്‍ ശാന്തിഗിരി ആശ്രമം വൈസ്പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരുന്നു.

 

Related Articles

Back to top button