KeralaLatestPathanamthitta

കിണറ്റില്‍ വീണ കുഞ്ഞിന് രക്ഷകയായി വനിത

“Manju”

പത്തനംതിട്ട: കിണറ്റില്‍ വീണ കുഞ്ഞിന് രക്ഷകയായി ചായക്കട നടത്തുന്ന വനിത. ഇടത്തിട്ട ഐക്കരേത്ത് മുരുപ്പില്‍ അജയന്‍, ശുഭ ദമ്ബതികളുടെ മകന്‍ ആരുഷ് (2) ആണ് കളിക്കുന്നതിനിടെ ശനിയാഴ്ച വീട്ടുമുറ്റത്തെ ചുറ്റുമതില്‍ ഇല്ലാത്ത കിണറ്റില്‍ വീണത്. വലിയ ശബ്ദം കേട്ട് മാതാപിതാക്കള്‍ ചെന്നു നോക്കിയപ്പോഴാണ് കുഞ്ഞ് കിണറ്റില്‍ വീണ വിവരം അറിഞ്ഞത്.

ബഹളം കേട്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും കിണറ്റില്‍ ഇറങ്ങാന്‍ ആരും തയാറായില്ല. ബഹളം കേട്ട് റോഡിലൂടെ പോയ ഐക്കരേത്ത് മുരുപ്പ് മലയുടെ ചരുവില്‍ പി.ശശി കിണറ്റിലേക്ക് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ഏതാനും തൊടി ഇറങ്ങിയെങ്കിലും ശരീരത്തിന് തളര്‍ച്ച അനുഭവപ്പെട്ട് ഒന്നും ചെയ്യാന്‍ കഴിയാതെ വന്നു. തുടര്‍ന്നാണ് സംഭവം നടന്ന സ്ഥലത്തു നിന്ന് 100 മീറ്റര്‍ അകലെ ചായക്കട നടത്തുന്ന സിന്ധു ഓടിയെത്തിയത്. സമയം കളയാതെ 20 തൊടികള്‍ ഉള്ള കിണറ്റിലേക്ക് കയറില്‍ തൂങ്ങിയിറങ്ങി.തുടര്‍ന്ന് കിണറിന്റെ അടിഭാഗത്ത് ഉണ്ടായിരുന്ന കല്ലില്‍ കയറി നിന്ന് കുഞ്ഞിനെ രക്ഷിച്ച്‌ ശശിയുടെ കയ്യില്‍ കൊടുത്തു. തുടര്‍ന്ന് ഒരോ തൊടിയും ഇരുവരും ചേര്‍ന്ന് കയറി കുഞ്ഞിനെ പുറത്ത് എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയശേഷം സിന്ധു തന്നെ ഓട്ടോറിക്ഷയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോയി.

ഓട്ടോയില്‍ വച്ചു തന്നെ കുട്ടിയെ മലര്‍ത്തിയും കമഴ്ത്തിയും കിടത്തി വയറ്റിലെ വെള്ളം മുഴുവന്‍ കളഞ്ഞു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ നടത്തി തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. കുട്ടി സുഖം പ്രാപിച്ചു വരുന്നു. സിന്ധു 25 വര്‍ഷമായി ഐക്കരേത്ത് ഭാഗത്ത് ചായക്കട നടത്തി വരികയാണ്. കുടുംബശ്രീ, കാര്‍ഷിക കര്‍മ സമിതി എന്നിവയിലെ സജീവ പ്രവര്‍ത്തകയാണ് സിന്ധു

Related Articles

Back to top button