KeralaLatest

കേരളത്തിലേക്ക് 48,960 ഡോസ് വാക്‌സിനുകൾ കൂടി എത്തിച്ച് കേന്ദ്രം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ 48,960 ഡോസ് വാക്‌സിനുകൾ കൂടി എത്തിച്ചു നൽകി. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനാണ് എത്തിയത്. തിരുവനന്തപുരത്ത് 16,640 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 19,200 ഡോസ് വാക്‌സിനുകളും കോഴിക്കോട് 13,120 ഡോസ് വാക്‌സിനുകളുമാണ് എത്തിയത്. ഇത് കൂടാതെ കൂടുതൽ ഡോസ് അടുത്ത ദിവസങ്ങളിൽ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ 10,19,525 പേർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. 3,65,942 ആരോഗ്യ പ്രവർകർ ഒരു ഡോസ് വാക്‌സിനും 1,86,421 പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. കൂടാതെ 98,287 മുന്നണി പോരാളികൾക്കും 2,15,297 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും 1,53,578 അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 വയസിന് മുകളിൽ പ്രായമുള്ള മറ്റ് അസുഖമുള്ളവർക്കും വാക്‌സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

കേരളത്തിലേക്ക് 21 ലക്ഷം വാക്‌സിൻ ഡോസുകൾ മാർച്ച് ഒൻപതിന് മുൻപ് എത്തിയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉറപ്പ് നൽകിയതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. സർക്കാർ ആശുപത്രികൾ, സർക്കാർ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികൾ, പൊതു കെട്ടിടങ്ങൾ എന്നിവിടങ്ങളിലായി 1000 ത്തോളം കേന്ദ്രങ്ങളിലാണ് നിലവിൽ വാക്‌സിൻ നൽകുന്നത്.

സംസ്ഥാനത്ത് ഘട്ടം ഘട്ടമായി കൊറോണ വാക്‌സിനേഷൻ സെന്ററുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വാക്‌സിനെടുക്കാൻ നേരിട്ട് വരുന്നവർക്ക് ടോക്കൺ സംവിധാനം ഏർപ്പെടുത്തും. വാക്‌സിൻ സംബന്ധമായ സംശയങ്ങൾക്ക് ദിശ 1056,0475 2552056 എന്നീ നമ്പറുകളിലേക്ക് വിളിക്കാമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

Related Articles

Back to top button