LatestPalakkad

തേങ്കുറിശ്ശി കൊലപാതകത്തിന്റെ കുറ്റപത്രം സമർപ്പിച്ചു

“Manju”

പാലക്കാട്: നാടിനെ ഞെട്ടിച്ച തേങ്കുറിശ്ശി ദുരഭിമാനക്കൊലപാതക കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. മേൽ ജാതിയിലുള്ള യുവതിയെ വിവാഹം കഴിച്ചതിന് പൊതുസ്ഥലത്ത് വെച്ച് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രമാണ് സമർപ്പിച്ചത്. ജാതി വ്യത്യാസവും അനീഷിന്റെ കുടുംബവുമായുളള സാമ്പത്തിക അന്തരവുമാണ് കൊലപാതകത്തിന് കാരണമെന്ന് ജില്ല ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

പാലക്കാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

ജാതിവ്യവസ്ഥയിൽ മേലെത്തട്ടിലുള്ള ഹരിതയെന്ന പെൺകുട്ടിയെ താഴ്ന്ന ജാതിയിൽ പെട്ട അനീഷ് പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഇതിലുളള പകയാണ് കൊലപാതകത്തിന് പിന്നിലെന്ന് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ഒന്നാം പ്രതി ഹരിതയുടെ അമ്മാവൻ സുരേഷും രണ്ടാം പ്രതി അച്ഛൻ പ്രഭുകുറുമാണ്. വിവാഹത്തിന് ശേഷം മൂന്ന് മാസത്തിനിടയിൽ നിരവധി തവണ ഇവർ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു.

തുടർന്ന് ഡിസംബർ 25ന് വൈകുന്നേരം പൊതുസ്ഥലത്ത് വെച്ചാണ് അനീഷിനെ വെട്ടിക്കൊന്നത്. കേസിൽ നൂറിലേറെ സാക്ഷികളാണ് ഉള്ളത്. ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഭീഷണിയുണ്ടായിട്ടും അനീഷിന് പോലീസ് സുരക്ഷ നൽകിയില്ല എന്നും കുടുംബാംഗങ്ങൾ മൊഴി നൽകിയിരുന്നു. 75 ദിവസം കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

Related Articles

Back to top button