KeralaKottayamLatest

പുതുപ്പള്ളി ഇല്ലെങ്കില്‍ മത്സരിക്കാനില്ല; ഉമ്മന്‍ ചാണ്ടി

“Manju”

കോട്ടയം: നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളി ഉമ്മന്‍ ചാണ്ടി. പുതുപ്പള്ളി സീറ്റ് തരില്ലെങ്കില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. രമേശ് ചെന്നിത്തലയോ കെ.മുരളീധരനോ നേമത്ത് മത്സരിക്കുന്നതില്‍ തനിക്ക് എതിര്‍പ്പ് ഇല്ലെന്നും കെ.ബാബു അടക്കം താന്‍ നിര്‍ദേശിച്ചവരെല്ലാം വിജയസാധ്യതയുള്ളവരാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബിജെപിക്കെതിരായ പോരാട്ടത്തിന് സംസ്ഥാന വ്യാപകമായി ശക്തി പകരാന്‍ ഉമ്മന്‍ ചാണ്ടിയോ കെ.മുരളീധരനോ നേമത്ത് നിന്ന് മത്സരിക്കണമെന്നാണ് ഹൈക്കമാന്‍ഡ് പറഞ്ഞിരുന്നത്. എന്നാല്‍ പുതുപ്പള്ളിയില്‍ അല്ലാതെ മത്സരിക്കാന്‍ തയാറല്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമാണ് പുതുപ്പള്ളി. വളരെ എളുപ്പത്തില്‍ പുതുപ്പള്ളി കടക്കാമെന്നാണ് യുഡിഎഫും കോണ്‍ഗ്രസും കണക്കുകൂട്ടുന്നത്. 2016 ല്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ച ജെയ്‌ക് സി.തോമസിനെ തന്നെയാണ് എല്‍ഡിഎഫ് ഇത്തവണയും കളത്തിലിറക്കുന്നത്. യുവനേതാവായതിനാല്‍ പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ ഇത്തവണ ജെയ്‌ക്കിന് അനുകൂലമായി വിധിയെഴുതുമെന്ന് സിപിഎമ്മും ഇടതുമുന്നണിയും പ്രതീക്ഷിക്കുന്നു.

കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്നത് പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് വെല്ലുവിളിയാണ്. കേരള കോണ്‍ഗ്രസിന് വ്യക്തമായ വോട്ട് ബാങ്കുള്ള മണ്ഡലങ്ങളിലൊന്നാണ് പുതുപ്പള്ളി. ഇടത് സ്ഥാനാര്‍ഥിക്കായി പ്രചാരണരംഗത്ത് സജീവമാകാനാണ് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന നേതൃത്വം ആഹ്വാനം ചെയ്‌തിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ അടക്കം കേരള കോണ്‍ഗ്രസ് (എം) ഉമ്മന്‍ ചാണ്ടിക്കെതിരെ പരസ്യമായും രഹസ്യമായും പ്രചാരണം നടത്തുന്നുണ്ട്. ഇത് പുതുപ്പള്ളിയില്‍ ഗുണം ചെയ്യുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. കേരള കോണ്‍ഗ്രസ് എമ്മിന്റെ വോട്ടുകള്‍ ഇടതുചേരിയിലേക്ക് എത്തുമ്ബോള്‍ ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറയുമോയെന്ന ആശങ്കയിലാണ് യുഡിഎഫ് ക്യാംപുകളും.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും കോണ്‍ഗ്രസ് ക്യാംപുകളെ ആശങ്കയിലാക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് (എം) എത്തിയ ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടില്‍ ആറ് പഞ്ചായത്തുകളിലും ഇടത് ഭരണമാണ്. രണ്ട് പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫ് ജയിച്ചത്. മീനടം, അയര്‍ക്കുന്നം പഞ്ചായത്തുകളാണ് യുഡിഎഫിനൊപ്പം നിന്നത്. അകലകുന്നം, കുരോപ്പട, മണര്‍കാട്, പാമ്പാടി, വാകത്താനം, പുതുപ്പള്ളി എന്നിവിടങ്ങളിലെല്ലാം എല്‍ഡിഎഫാണ് ഭരിക്കുന്നത്. യുഡിഎഫ് കോട്ടകളാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതിനോട് കൂറുകാണിച്ചത്. ഇത് യുഡിഎഫ് ക്യാംപുകളില്‍ ചെറുതല്ലാത്ത ആശങ്ക പരത്തുന്നു.

Related Articles

Back to top button