IndiaKeralaLatest

ബ്രസീലിലെ മാറക്കാന സ്​റ്റേഡിയം ഇനി പെലെയുടെ പേരില്‍

“Manju”

റിയോ: കണ്ണീരായും കനലായും ഓരോ ബ്രസീലുകാരന്‍റെയും ഹൃദയത്തില്‍ ​കൊത്തിവെച്ച നാമമാണ്​ മാറക്കാന സ്​റ്റേഡിയം. 1950ല്‍ രണ്ടു ലക്ഷത്തോളം നാട്ടുകാരെ സാക്ഷിനിര്‍ത്തി ലോകകിരീടമുയര്‍ത്താമെന്ന സ്വപ്​നവുമായി എത്തിയവര്‍ അവസാനം തോരാകണ്ണീരുമായി മടങ്ങിയ അതേ ​വേദി. അന്ന്​ അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും ബ്രസീല്‍ ഫുട്​ബാളിനൊപ്പം ലോകം ചേര്‍ത്തുവിളിക്കുന്ന നാമം. രാജ്യം​ ലോകത്തിന്​ ദാനമായി നല്‍കിയ ഇതിഹാസതാരം എഡ്​സണ്‍ അരാന്‍റസ്​ ഡോ നാസിമെ​ന്റോ എന്ന സാക്ഷാല്‍ പെലെ തന്‍റെ 1000ാം കരിയര്‍ ഗോള്‍ കുറിച്ച മൈതാനത്തിന്റെ പേരു മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നു.

മാറക്കാന സ്​റ്റേഡിയത്തിന്​ പെലെയുടെ പേരിടാനാണ്​ തീരുമാനം. പോര്‍ച്ചുഗീസ്​ ഭാഷയില്‍ രാജാവ്​ എന്നര്‍ഥമുള്ള റീ എന്ന പദം കൂടി ചേര്‍ത്ത്​ എഡ്​സണ്‍ അരാന്‍റസ്​ ഡോ നാസിമെ​ന്റൊറീ പെലെ സ്​റ്റേഡിയംഎന്നാകും ഇനി മാറക്കാന വിളിക്കപ്പെടുക.

റിയോ ഡി ജനീറോ സംസ്​ഥാന ഗവര്‍ണര്‍ അംഗീകാരം നല്‍കുന്ന മുറക്ക്​ പേരുമാറ്റം പൂര്‍ത്തിയാകും.

ബ്രസീല്‍ മുന്നേറ്റനിര ഭരിച്ച പെലെ രാജ്യത്തിനായി മൂന്നു തവണ ലോകകപ്പ്​ നേടി റെക്കോഡ്​ കുറിച്ചിട്ടുണ്ട്​. 1969ല്‍ സാ​ന്റോസിനായി കളിക്കു​മ്പോഴാണ്​ 1,000ാം ഗോള്‍ നേടുന്നത്​. വാസ്​കോ ഡ ഗാമ​ ക്ലബിനെതിരെയായിരുന്നു മത്സരം.

1950നു ശേഷം 2014ലെയും ലോകകപ്പ്​ ഫുട്​ബാള്‍ കലാശപ്പോരും​ ഇവിടെയാണ്​ നടന്നിരുന്നത്​. അന്ന്​ അര്‍ജന്‍റീനയെ ഒരു ഗോളിന്​ മടക്കി ജര്‍മനി കപ്പില്‍ മുത്തമിട്ടിരുന്നു. 2016ലെ റയോ ഒളിമ്ബിക്​സിന്‍റെ ഉദ്​ഘാടന വേദിയും മാറക്കാനയായിരുന്നു. 1950ലെ ചരിത്രപ്രധാനമായ ലോകകപ്പ്​ ഫൈനലില്‍ ഇരിപ്പിടം ലക്ഷം പേര്‍ക്കായിട്ടും രണ്ടു ​ലക്ഷം പേര്‍ കളി കാണാനെത്തിയെന്നാണ്​ കണക്കുകള്‍. അവരുടെ മുമ്പിലായിരുന്നു ഇന്നും കദനം പെയ്യുന്ന ഓര്‍മയായ തോല്‍വി. 78,838 പേര്‍ക്കാണ്​ നിലവില്‍​ ഈ സ്​റ്റേഡിയത്തില്‍ ഒരേ സമയം കളി കാണാനാവുക.

മാറക്കാന മൈതാനം നിര്‍മാണത്തിന്​ മുന്നിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ മരിയോ ഫിലോയുടെ പേരിലായിരുന്നു ഇതുവരെയും മൈതാനം. ആ പേരാണ്​ മാറ്റുന്നത്​.

Related Articles

Back to top button