IndiaInternationalLatest

ബോറിസ് ജോൺസൺ ഏപ്രിൽ അവസാനം ഇന്ത്യയിലെത്തും

“Manju”

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഏപ്രിൽ അവസാനം ഇന്ത്യയിലെത്തും. റിപ്പബ്ലിക് ദിനത്തിൽ ബോറിസ് ജോൺസനെ മുഖ്യ അതിഥിയായി നിശ്ചയിച്ചിരുന്നെങ്കിലും ബ്രിട്ടനിൽ കൊറോണ വ്യാപനം രൂക്ഷമായതോടെ അദ്ദേഹം സന്ദർശനം മാറ്റിവെയ്ക്കുകയായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസാണ് പുതിയ സന്ദർശന തീയതിയെക്കുറിച്ച് സൂചന നൽകിയത്.

യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുവന്നതിന് ശേഷം ബോറിസ് ജോൺസന്റെ ആദ്യ വിദേശരാജ്യ സന്ദർശനമായിരിക്കും ഇന്ത്യയിലേത്. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തുവന്നതോടെ ബ്രിട്ടനുമായി വ്യാപാര വ്യവസായ പങ്കാളിത്തത്തിനുളള നിരവധി അവസരങ്ങളാണ് ഇന്ത്യയ്ക്ക് മുൻപിൽ തുറക്കുക. ബോറിസ് ജോൺസന്റെ വരവ് അതിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

കൊറോണ വാക്‌സിന്റെ ഉൽപാദനവും വിതരണവും കാര്യക്ഷമമായി നടത്തിയതിലൂടെ ഇന്ത്യയ്ക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് കൂടുതൽ പ്രാധാന്യം കൽപിക്കപ്പെടുന്നത്.

ബോറിസ് ജോൺസന്റെ സന്ദർശനത്തിന് മുന്നോടിയായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ഉൾപ്പെടെയുളള ഉന്നത നേതാക്കൾ ഇന്ത്യയിലെത്തി ചർച്ചകൾ നടത്തിയിരുന്നു. ഇന്ത്യയുമായുളള പങ്കാളിത്തം സജീവമാക്കാൻ ബ്രിട്ടനും താൽപര്യമുണ്ട്. ആസിയാൻ രാജ്യങ്ങളുമായി സഹകരിക്കാനുളള നീക്കവും ഇന്ത്യ പസഫിക് മേഖലയിലെ സൈനിക സാന്നിധ്യവുമൊക്കെ ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടൻ നൽകുന്ന സൂചനകളായിട്ടാണ് വിലയിരുത്തുന്നത്.

Related Articles

Back to top button