IndiaLatest

സൗഹൃദരാഷ്‌ട്രങ്ങള്‍ക്ക് ആശ്വാസമായി ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്തിന് താങ്ങായി ഇന്ത്യ. വിവിധ രാജ്യങ്ങളില്‍ ഇതുവരെ ആറ് കോടി വാക്‌സിന്‍ ഡോസുകള്‍ ഇന്ത്യ ഇതുവരെ വിതരണം ചെയ്‌തു. വിവിധ ഘട്ടങ്ങളിലായി വാക്‌സിനേഷന്‍ നടപ്പാക്കുന്ന രാജ്യങ്ങള്‍ക്ക് ആവശ്യത്തിന് വാക്‌സിനുകള്‍ ഇന്ത്യ വിതരണം ചെയ്‌തു കഴിഞ്ഞു. ഇപ്പോഴും വിവിധ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയ്‌ക്ക് വാക്‌സിന്‍ വിതരണം ആവശ്യപ്പെട്ട് അഭ്യര്‍ത്ഥനകള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ എത്താറുണ്ട്.

സുഹൃത്ത് രാജ്യങ്ങള്‍ക്ക് വരുന്ന ആഴ്‌ചകളിലും ഇന്ത്യ വിവിധ ഘട്ടങ്ങളായി വാക്‌സിന്‍ വിതരണം തുടരുമെന്ന് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ കഴിഞ്ഞയാഴ്‌ച രാജ്യസഭയില്‍ അറിയിച്ചിരുന്നു. ഇതുവരെ എഴുപതോളം രാജ്യങ്ങളില്‍ ഇന്ത്യ വാക്‌സിന്‍ വിതരണം നടത്തിക്കഴിഞ്ഞു. നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്‌സിനുകള്‍ വാങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. ചൈന തങ്ങളുടെ വാക്‌സിന്‍ നിര്‍ബന്ധമായി രാജ്യം സന്ദര്‍ശിക്കുന്നവര്‍ സ്വീകരിക്കണമെന്ന് നിബന്ധന വയ്‌ക്കുകയും മ‌റ്റ് രാജ്യങ്ങളിലും വില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യ പാകിസ്ഥാനുള്‍പ്പടെ രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നത്.

നിലവില്‍ ഇന്ത്യയില്‍ രണ്ട് വാക്‌സിനുകള്‍ക്കാണ് അനുമതിയുള‌ളത്. അടിയന്തര ഘട്ടങ്ങളിലെ ഉപയോഗത്തിനായി ഭാരത് ബയോടെകിന്റെ കൊവാക്‌സിനും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ആസ്‌ട്രസെനക്കയുമായി ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീല്‍ഡും. രണ്ട് ഡോസായി 28 ദിവസത്തിനിടെ നല്‍കുന്ന കുത്തിവയ്‌പ്പാണ് കൊവാക്‌സിന്റെത്. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഇടക്കാല ഫലസൂചനയില്‍ 81 ശതമാനം ഫലപ്രാപ്‌തി ഈ വാക്‌സിന്‍ നല്‍കുന്നു. അതേസമയം കൊലിഷീല്‍ഡ് വാക്‌സിന്റെ ഫലപ്രാപ്‌തി 70 ശതമാനമാണെന്ന് തെളിഞ്ഞിട്ടുണ്ട്. രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ച ശേഷം 3.5 കോടി ഡോസ് വാക്‌സിനുകള്‍ ഇതുവരെ നല്‍കിയതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

Related Articles

Back to top button