India

ലൈംഗികാതിക്രമം: രാഖി ബന്ധിച്ച് ജാമ്യം: വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

“Manju”

ന്യൂഡൽഹി : ലൈംഗികാതിക്രമ കേസിൽ ഇരയെക്കൊണ്ട് പ്രതിയുടെ കയ്യിൽ രാഖികെട്ടിച്ച ശേഷം ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ വിവാദ ഉത്തരവാണ് റദ്ദാക്കിയത്. ഒരു കൂട്ടം വനിതാ അഭിഭാഷകരുടെ ഹർജിയിലാണ് നടപടി.

കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു സംഭവം. കേസ് പരിഗണിച്ച കോടതി പെൺകുട്ടിയെക്കൊണ്ട് പ്രതിയുടെ കയ്യിൽ രാഖി കെട്ടിച്ച ശേഷം പെൺകുട്ടിക്ക് സമ്മാനമായി മധുര പലഹാരങ്ങളും, പണവും നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഇതെല്ലാം പെൺകുട്ടിക്ക് നൽകിയ പ്രതിയ്ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യവും അനുവദിച്ചു.

അഭിഭാഷകർ നൽകിയ ഹർജി ജസ്റ്റിസ് എ.എം ഖാൻവിൽക്കർ അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ന്യായാധിപരിൽ സൂക്ഷ്മബോധം വളർത്താനുളള പരിശീലനമടക്കമുളള പദ്ധതികൾ വേണമെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാർ സ്ഥിരം രീതികൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു. പ്രതിയ്ക്ക് ജാമ്യം നൽകിയ ഉത്തരവിനെ അറ്റോർണി ജനറൽ കെ.കെ വേണു ഗോപാൽ സുപ്രീം കോടതിയിൽ എതിർത്തു.

2020 ഏപ്രിലിൽ ആണ് അയൽവാസിയായ സ്ത്രീയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വിക്രം ബാർഗിയെ ഭോപ്പാൽ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കീഴ്ക്കോടതിയെ സമീപിച്ച ബാർഗിയ്ക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Back to top button