IndiaLatest

പി.ടി. ഉഷയുടെ മീറ്റ്‌ റെക്കോഡ്‌ തകര്‍ത്തു ധനലക്ഷ്‌മി

“Manju”

ശ്രീജ.എസ്‌

പഞ്ചാബിലെ പട്യാലയില്‍ നടക്കുന്ന 24-ാമത്‌ ദേശീയ സീനിയര്‍ ഫെഡറേഷന്‍ കപ്പ്‌ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 200 മീറ്റര്‍ ഹീറ്റ്‌സിലാണു ധനലക്ഷ്‌മി ഉഷയെ മറികടന്നത്‌. 23.26 സെക്കന്‍ഡിലാണ്‌ ധനലക്ഷ്‌മി ഫിനിഷ്‌ ചെയ്‌തത്‌. 1998 ല്‍ ചെന്നൈയില്‍ നടന്ന മീറ്റിലാണു പി.ടി. ഉഷ 23.30 സെക്കന്‍ഡിന്റെ മീറ്റ്‌ റെക്കോഡിട്ടത്‌.

ധനലക്ഷ്‌മിക്കൊപ്പം ഹീറ്റ്‌സില്‍ മത്സരിച്ച രാജ്യാന്തര താരം അസമിന്റെ ഹിമാ ദാസ്‌ 24.39 സെക്കന്‍ഡിലാണു ഫിനിഷ്‌ ചെയ്‌തത്‌. 200 മീറ്ററിന്റെ ഫൈനല്‍ ഇന്നു നടക്കും. ഏറെനാളത്തെ ഇടവേളയ്‌ക്കു ശേഷം കളിക്കളത്തില്‍ ഇറങ്ങിയ സ്വപ്‌ന ബര്‍മന്‍ ഹെപ്‌റ്റാത്തലണില്‍ 5636 പോയിന്റുമായി സ്വര്‍ണം നേടി.

കേരളത്തിന്റെ തന്നെ മറീന ജോര്‍ജാണു രണ്ടാമത്‌. ഫെഡറേഷന്‍ കപ്പില്‍ ഇന്നലെയും കേരളാ താരങ്ങള്‍ക്കു കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പുരുഷ വിഭാഗം പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ ഇ.ബി. അനസ്‌ 4.90 മീറ്റര്‍ ചാടി വെങ്കലം നേടി. ഹരിയാനയുടെ പ്രശാന്ത്‌ കനയ്യ 5.10 മീറ്റര്‍ ചാടി സ്വര്‍ണവും ലക്ഷ്യ 5.05 മീറ്റര്‍ ചാടി വെള്ളിയും നേടി. വനിതകളുടെ ഹൈജമ്പില്‍ കേരളത്തിന്റെ എന്‍.പി. സംഗീത എട്ടാം സ്‌ഥാനത്തായി. 1.50 മീറ്ററാണു സംഗീതയുടെ മികച്ച ദൂരം. 1.84 മീറ്റര്‍ ചാടിയ തമിഴ്‌നാടിന്റെ ഗ്രാസെന ജി. മെര്‍ലി സ്വര്‍ണം നേടി.

ഹരിയാനയുടെ രേഖ 1.75 മീറ്റര്‍ ചാടി വെള്ളിയും തമിഴ്‌നാടിന്റെ ജിജി ജോര്‍ജ്‌ സ്‌റ്റീഫന്‍ 1.70 മീറ്റര്‍ ചാടി വെങ്കലവും നേടി. ട്രിപ്പിള്‍ ജമ്പില്‍ കേരളത്തിനു നിരാശയായിരുന്നു ഫലം. വിജിന വിജയന്‍ 12.38 മീറ്ററുമായി ആറാം സ്‌ഥാനത്തായി. ഹരിയാനയുടെ രേണു 13.39 മീറ്റര്‍ കടന്ന സ്വര്‍ണം നേടി. കര്‍ണാടകയുടെ ബി. ഐശ്വര്യ 13.16 മീറ്റര്‍ ചാടി വെള്ളിയും തമിഴ്‌നാടിന്റെ ആര്‍. ഐശ്വര്യ 13.05 മീറ്റര്‍ ചാടി വെങ്കലവും നേടി.
പുരുഷ വിഭാഗം 800 മീറ്ററില്‍ ഹരിയാനയുടെ കൃഷ്‌ണ കുമാര്‍ ഒരു മിനിറ്റ്‌ 48.48 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. ഹിമാചല്‍ പ്രദേശിന്റെ അന്‍കേഷ്‌ ചൗധരി ഒരു മിനിറ്റ്‌ 48.65 സെക്കന്‍ഡില്‍ വെള്ളിയും ഉത്തരാഖണ്ഡിന്റെ അനു കുമാര്‍ 1 മിനിറ്റ്‌ 49.25 സെക്കന്‍ഡില്‍ വെങ്കലവും നേടി.

Related Articles

Back to top button