InternationalLatest

സൗദി പുരുഷന്മാര്‍ക്ക് നാല് രാജ്യക്കാരെ വിവാഹം ചെയ്യുന്നതില്‍ വിലക്ക്

“Manju”

വിവാഹം വലിയ സംസ്കാരവും ഗൗരവമുമേറിയ ഒന്നാണ് ഗള്‍ഫ് രാജ്യങ്ങളില്‍. എന്നാല്‍ പുതിയ ചട്ടങ്ങള്‍ സൗദി അറേബ്യയിലെ പുരുഷന്‍മാര്‍ക്ക് നാല് രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നത് വിലക്കിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍ എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ആഫ്രിക്കന്‍ രാജ്യമായ ഛാഡില്‍ നിന്നുള്ളവരെയും വിവാഹം ചെയ്യാന്‍ സാധിക്കില്ല എന്നാണ് വാര്‍ത്ത. പാകിസ്താനിലെ ഡോണ്‍ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ നാല് രാജ്യങ്ങളില്‍ നിന്നുള്ള അഞ്ച് ലക്ഷം സ്ത്രീകള്‍ സൗദിയില്‍ താമസിക്കുന്നു എന്നാണ് വിവരം. വിദേശികളെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്ന സൗദി യുവാക്കള്‍ നിരവധി ചട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്ന് മക്ക പോലീസ് ഡയറക്ടര്‍ മേജര്‍ ജനറല്‍ അസ്സാഫ് അല്‍ ഖുറേഷിയെ ഉദ്ധരിച്ച്‌ മക്ക പത്രം റിപ്പോര്‍ട്ട് ചെയ്തു എന്ന് ഡോണ്‍ വാര്‍ത്തയില്‍ പറയുന്നു.

വിദേശികളെ വിവാഹം ചെയ്യുന്നത് നിരുല്‍സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതത്രെ. വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നേരത്തെ സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങണം. വിവാഹത്തിനുള്ള അപേക്ഷ സര്‍ക്കാര്‍ ചാനല്‍ വഴി കൈമാറണം. അനുമതി ലഭിച്ചാല്‍ മാത്രമേ വിവാഹം സാധ്യമാകൂ. വിവാഹ മോചിതരായ പുരുഷന്‍മാര്‍ക്ക് വിവാഹം മോചനം നടന്ന് ആറ് മാസത്തിനകം മറ്റൊരു വിവാഹത്തിന് അനുമതി നല്‍കില്ലെന്നും ഖുറേഷി പറഞ്ഞു. അപേക്ഷകന് 25 വയസ് പൂര്‍ത്തിയായിരിക്കണം. ജില്ലാ മേയര്‍ ഒപ്പുവച്ച മറ്റു തിരിച്ചറിയല്‍ രേഖകളും ഹാജരാക്കണം. കുടുംബ കാര്‍ഡിന്റെ പകര്‍പ്പും കാണിക്കണം. നേരത്തെ വിവാഹം ചെയ്തവരാണെങ്കില്‍ ഭാര്യയെ സംബന്ധിച്ചും അവരുടെ ആരോഗ്യത്തെ സംബന്ധിച്ചുമുള്ള വിവരങ്ങളും അപേക്ഷക്കൊപ്പം സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു.

Related Articles

Back to top button