IndiaKeralaLatest

ബ്രിട്ടനില്‍ 6.9 മില്യണ്‍ ഡോളറിന്റെ മുസ്ലിം പള്ളി വരുന്നു

“Manju”

ലണ്ടന്‍: ബ്രിട്ടനിലെ ബ്ലാക് ബേണില്‍ 6.9 മില്യണ്‍ ഡോളറിന്റെ മുസ്ലിം പള്ളി വരുന്നു. കോടീശ്വരന്മാരായ ഇസ്സ സഹോദരങ്ങളുടെ സ്വപ്ന പദ്ധതിയായ ലാന്‍ഡ്മാര്‍ക് മസ്ജിദിന് പ്രാദേശിക ഭരണകൂടത്തിന്റെ അനുമതി ലഭിച്ചതോടെയാണ് യാഥാര്‍ഥ്യമാവുന്നത്. മുഹ്‌സിന്‍, സുബൈര്‍ എന്നിവരാണ് ഇസ്സ സഹോദരങ്ങള്‍ എന്നറിയപ്പെടുന്നത്. ഇവര്‍ ബ്രിട്ടനിലെ പ്രമുഖ ധനികരാണ്.

മസ്‌ജിദ്‌ പണിയാനുള്ള അനുമതിക്കായി ഇസ്സ ഫൗണ്‍ഡേഷന്‍, ബ്ലാക് ബേണ്‍ വിത് ഡാര്‍വെന്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു. മിനാരം, ഉച്ചഭാഷിണിയിലൂടെയുള്ള ശബ്ദങ്ങള്‍ തുടങ്ങിയ കൗണ്‍സില്‍ അംഗങ്ങള്‍ ഉന്നയിച്ച 21 ആശങ്കകളാല്‍ അനുമതി വൈകുകയായിരുന്നു. തുടര്‍ന്ന് ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന് ഫൗണ്ടേഷന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. നഗരത്തിന്റെ ചൈതന്യം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന മികച്ച സംരംഭം ആണ് ഇതെന്ന് കൗണ്‍സിലര്‍ ഫില്‍ റൈലി പറഞ്ഞു. 95 അടി (29 മീറ്റര്‍) ടവറുകള്‍ ഇസ്ലാമിക വാസ്തുവിദ്യയുടെ മാതൃകയാണെന്ന് ആസൂത്രണ മാനേജര്‍ ഗാവിന്‍ പ്രെസ്കോട്ട് പറഞ്ഞു.

ബ്ലാക്‌ബേണില്‍ വെസ്റ്റ് ഹോം സ്‌കൂള്‍ നിലനിന്നിരുന്ന സ്ഥലത്താണ് മസ്‌ജിദ് വരുന്നത്. ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ശബ്‌ദങ്ങള്‍ നിയന്ത്രിക്കും. വൃക്ഷങ്ങള്‍ സംരക്ഷിക്കുമെന്നും ഫൗണ്ടേഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പള്ളിയോട് ചേര്‍ന്നുള്ള ജംഗ്ഷനില്‍ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും റോഡ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും ഇസ്സ ഫൗണ്ടേഷന്‍ 30,000 ഡോളര്‍ നല്‍കും.

ബ്ലാക്ക്ബേണ്‍ ആസ്ഥാനമായാണ് ഇസ്സ സഹോദരന്മാര്‍ പ്രവര്‍ത്തിക്കുന്നത്. 1970 കളില്‍ ഗുജറാത്തില്‍ നിന്ന് യുകെയിലേക്ക് വന്നവരാണ് ഇസ്സ സഹോദരന്മാരുടെ മാതാപിതാക്കള്‍. അടുത്തിടെ സൂപ്പര്‍ മാര്‍ക്കറ്റ് ഭീമനായ അസ്ഡയെ ഇവര്‍ സ്വന്തമാക്കിയിരുന്നു.

ഇസ്ലാമിക വാസ്തുവിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിക്കുന്ന മസ്‌ജിദ് ആധുനിക ബ്ലാക് ബേണിന്റെ മാറുന്ന മുഖത്തെ പ്രതിഫലിപ്പിക്കുമെന്ന് ഫില്‍ റൈലി പറഞ്ഞു. വൈവിധ്യങ്ങളായ വിവിധ മതങ്ങള്‍ കൂടിച്ചേരുന്ന പുതിയൊരു വെളിച്ചമാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button