ArticleKerala

ഹൃദ്രോഗ മരണങ്ങള്‍ പെരുകുന്നു

“Manju”

ജിദ്ദ: പ്രവാസ ദേശങ്ങളില്‍ വെച്ചുള്ള മലയാളികളുടെ മരണങ്ങളില്‍ ഏറ്റവുമധികം ഹൃദയസ്തംഭനം മൂലമുള്ളവയാണ്. ഏറെ ജീവനെടുത്തു കൊണ്ടിരിക്കുന്ന കൊറോണാ മഹാമാരികാലത്തും ഹൃദ്രോഗം മൂലമുള്ള മരണങ്ങള്‍ തന്നെയാണ് മുന്‍പന്തിയില്‍. എന്നല്ല, കൊറോണാ ഭീതി ഹൃദ്രോഗ മരണങ്ങള്‍ക്ക് പശ്ചാത്തലം കൂടുതല്‍ ഉണ്ടാകുന്നതായും നിരീക്ഷണമുണ്ട്. ജീവിത ശീലം, സ്വദേശത്തും വിദേശ നാട്ടിലുമായി പ്രവാസി നേരിടുന്ന തൊഴില്‍ – സാമ്ബത്തിക – കുടുംബ – മാനസിക പ്രയാസങ്ങളുടെ പ്രത്യാഘാതങ്ങള്‍, അനാരോഗ്യപരമായ ജീവിത ശീലം, കുടുംബവുമായി അകന്നു നില്‍ക്കുന്ന അവസ്ഥ തുടങ്ങിയവയെല്ലാം പലര്‍ക്കും പലതോതിലുള്ള മാനസിക ആഘാതങ്ങള്‍ക്കും അത് ഒരുവേള മരണത്തിനും വഴിവെക്കാറുണ്ട്.ഇക്കഴിഞ്ഞ ദിവസം സൗദിയുടെ പശ്ചിമ പ്രവിശ്യയില്‍ മാത്രം മൂന്ന് മലയാളികള്‍ മരണപ്പെട്ടു. മൂന്നും ഹൃദയാഘാതം മൂലമുള്ള മരണങ്ങളാണ്.

മക്കയില്‍ ഒരു മലയാളി ഡോക്ടര്‍ മരണപ്പെട്ടത് ഹൃദ്രോഗം മൂലമായിരുന്നു. മക്കയിലെ പ്രശസ്തമായ മലയാളികളുടെ ആശുപത്രിയായ ഏഷ്യന്‍ പോളിക്ലിനിക്കിലെ ഡോക്ടര്‍ ഖാദര്‍ ഖാസിം (എ കെ ഖാസിം) വെള്ളിയാഴ്ച താമസ സ്ഥലത്ത് വെച്ച്‌ മരണപ്പെട്ടു. നിരവധി തവണ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി കാണാതായതോടെ താമസ സ്ഥലത്ത് എത്തി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നാല്പത്തി ഒമ്ബത്കാരനായ ഡോക്ടര്‍ കാസര്‍ഗോഡ് പൈവളിക സ്വദേശിയാണ്. മക്ക ഏഷ്യന്‍ പോളിക്ലിനിക്ക് മാനേജറായും അവിടുത്തെ പ്രധാന ഡോക്ടറായും ആറ് വര്‍ഷത്തോളമായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു. സാമൂഹ്യ രംഗത്തും ഇദ്ദേഹം സജീവമായിരുന്നു. ദീര്‍ഘകാലം ഉപ്പള കൈകമ്ബയില്‍ ഡോക്ടറായി സേവനം ചെയ്തിരുന്നു. മംഗലുരു ഒമേഗ ആശുപത്രിയിലും സേവനം അനുഷ്ടിച്ചിരുന്നു. മംഗലുരു യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിരുന്നു.

ഹമീദലി കമ്ബാറിന്റെയും (മുഗുളി ഹമീദ്) സുലൈഖയുടേയും മകനാണ്. ഭാര്യ: ജസീല. മക്കള്‍: കാമില്‍ ഖാസിം (എം ബി ബി എസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി, എ ജെ മെഡിക്കല്‍ കോളേജ്), ഷാമില്‍ ഖാസിം (എം ബി ബി എസ് ഒന്നാംവാര്‍ഷ വിദ്യാര്‍ത്ഥി, ബംഗലുരു ഗവ. മെഡിക്കല്‍ കോളേജ്). സഹോദരങ്ങള്‍: റസിയ ഹനീഫ ഉപ്പള, ഷമീമ അബ്ദുല്ല കയ്യാര്‍.മക്കയില്‍ നിന്ന് നൂറു കിലോമീറ്റര്‍ അകലെ ത്വായിഫിലും വെള്ളിയാഴ്ച ഒരു മലയാളി ഹൃദയാഘാതം മൂലം മരണപ്പെടുകയുണ്ടായി. എറണാകുളം, നോര്‍ത്ത് പറവൂര്‍, എഴിക്കര സ്വദേശി ഹക്കീം പതിയാഴത്ത് (49) ആണ് മരണപ്പെട്ടത്.

ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ഹക്കീമിനെ ത്വായിഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു. 15 വര്‍ഷമായി ത്വായിഫിലെ ഹവിയ്യഃയില്‍ ഓട്ടോമൊബൈല്‍സ് സ്‌പെയര്‍ പാര്‍ട്‌സ് ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം ത്വായിഫില്‍ തന്നെ സംസ്‌കരിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഭാര്യ: നൈസാ. മക്കള്‍: ഹന ഫാത്തിമ, മുഹമ്മദ് ഹാതിം. നവോദയ ത്വായിഫ് ഏരിയ ആക്ടിങ് സെക്രട്ടറിയായിരുന്നു.

ജിദ്ദയില്‍ മറ്റൊരു മലയാളി താമസ സ്ഥലത്ത് കുഴഞ് വീണ് മരണപ്പെട്ടതും വെള്ളിയാഴ്ചയായിരുന്നു. മലപ്പുറം, പാണ്ടിക്കാട്, ചെമ്ബ്രശ്ശേരി, താലപ്പൊലിപ്പറമ്ബ് സ്വദേശി കൊറ്റങ്ങോടന്‍ മുഹമ്മദ് നവാഫ് (23) ആണ് ഹൃദയാഘാതം മൂലം കുഴഞ് വീണത്. വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്തു കുഴഞ്ഞു വീണ മുഹമ്മദ് നവാഫിനെ സുഹൃത്തുക്കള്‍ ഉടന്‍ സുഹൃത്തുക്കള്‍ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

രണ്ട് വര്‍ഷം മുമ്ബാണ് നവാഫ് ജിദ്ദയിലെത്തിയത്. ജിദ്ദയിലെ ഖാലിദ് ബിന്‍ വലീദ് റോഡിലുള്ള ഒരു കമ്ബ്യൂട്ടര്‍ ഷോപ്പില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. അവിവാഹിതനായ ഇദ്ദേഹം നാട്ടില്‍ പോയിട്ടില്ല.പിതാവ്: ബഷീര്‍. മാതാവ്: സുനീറ. സഹോദരങ്ങള്‍: അദ്നാന്‍, ബസ്സാം, മര്‍വാന്‍ ഫാത്തിമ ഹനാന്‍.മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും. ഇതിനുള്ള ശ്രമത്തിലാണ് ഇവിടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും.

സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ പെടുന്ന അല്‍ഹസ നഗരത്തിലും വെള്ളിയാഴ്ച ഒരു മലയാളിയുടെ മരണം ഉണ്ടായി. കൊല്ലം, പള്ളിമുക്ക്, വടക്കേവിള കയ്യാലക്കല്‍ തോപ്പുവയല്‍ വീട്ടില്‍ നവാസ് ബഷീര്‍ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെയാണ് മരണം സംഭവിച്ചത്. രക്തസമ്മര്‍ദം മൂര്‍ഛിച്ചതിനെത്തുടര്‍ന്നു മരണം. നവാസിനെ നാലു ദിവസം മുമ്ബാണ് രക്തസമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചത്.പരേതരായ ബഷീര്‍ – നസീമ ബീവി ദമ്ബതികളുടെ മകനാണ്. ഭാര്യ ഷാഹിന. സെയ്താലി, സല്‍മാന്‍ എന്നീ രണ്ടു മക്കളുണ്ട്.

നവയുഗം സാംസ്‌കാരിക വേദി അല്‍ഹസ മേഖല കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സിയാദിന്റെ സഹോദരി പുത്രനാണ് നവാസ്. നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കയക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Related Articles

Back to top button