Uncategorized

സ്വാശ്രയ ഇന്ത്യ എന്ന കാഴ്ചപ്പാട് രാജ്യത്തെ ജലസ്രോതസ്സിനെ ആശ്രയിച്ചിരിക്കും : പ്രധാനമന്ത്രി

“Manju”

ന്യൂഡൽഹി : സ്വാശ്രയ ഇന്ത്യ എന്ന കാഴ്ചപ്പാട് രാജ്യത്തെ ജലസ്രോതസ്സിനെ ആശ്രയിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനാൽ രാജ്യത്തെ ഒരോരുത്തരും ജലസംരക്ഷണം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. ലോക ജലദിനമായ ഇന്ന് ‘ ജൽ ശക്തി അഭിയാൻ : ക്യാച്ച് ദി റെയിൻ’ ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ജൽ ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ്‌സിംഗ് ചൗഹാനും പരിപാടിയിൽ പങ്കെടുത്തു.

രാജ്യം വികസനത്തിന്റെ വക്കിൽ നിൽക്കുമ്പോഴും ജലത്തിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രതിസന്ധികൾ വർദ്ധിച്ചിരിക്കുകയാണ്. 2021 ൽ രാജ്യത്ത് ജലത്തിന്റെ ലഭ്യത വളരെ നിർണായകമാണ്. അതുപോലെതന്നെ രാജസ്ഥാനിലെയും ഗുജറാത്തിലെയും ജനങ്ങൾക്ക് ജലത്തിന്റെ കുറവ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പെട്ടെന്ന് മനസിലാകും. അതിനാലാണ് കേന്ദ്ര ജലമന്ത്രാലത്തിൽ രാജസ്ഥാനിൽ നിന്നുമുള്ള മന്ത്രിയെ നിയോഗിച്ചിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ജൽ ജീവൻ മിഷനിലൂടെ 4 കോടിയിലധികം കുടുംബങ്ങൾക്കാണ് പൈപ്പ് കണക്ഷൻ ലഭിച്ചത്. ഒന്നര വർഷം മുൻപ് 19 കോടി കുടുംബങ്ങളിൽ 3.5 കോടി കുടുംബങ്ങൾക്ക് മാത്രമെ പൈപ്പ് വെള്ളം ലഭ്യമായിരുന്നുള്ളൂ. രാജ്യത്ത് ജലത്തിന് പ്രാധാന്യം കൊടുക്കുന്നതിനാലാണ് കേന്ദ്ര സർക്കാർ ജലസംഭരണത്തിനായി പദ്ധതികൾ പുറത്തിറക്കിയിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കേന്ദ്ര ജൽശക്തി മന്ത്രിയും മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും മുഖ്യമന്ത്രിമാരും തമ്മിൽ കെൻ ബെത്വ ലിങ്ക് പദ്ധതി നടപ്പാക്കാനായുള്ള ചരിത്രപരമായ കരാറിൽ ഒപ്പുവെച്ചു. മൺസൂണിനു മുന്നോടിയായും മൺസൂൺ കാലഘട്ടത്തിലും മാർച്ച് 22 മുതൽ നവംബർ 30 വരെ ക്യാച്ച് ദി റെയ്ൻ ക്യാമ്പയിൻ നടപ്പാക്കും. മഴവെള്ളത്തിന്റെ ശരിയായ സംഭരണം ഉറപ്പുവരുത്തുന്നതിനായി കാലാവസ്ഥാ സാഹചര്യങ്ങൾക്കും മണ്ണിന്റെ ഘടനയ്ക്കും അനുയോജ്യമായ മഴവെള്ള സംഭരണ ശൈലി സ്വീകരിക്കുന്നതിന് ഏവരുടെയും പങ്കാളിത്തം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related Articles

Back to top button