KannurKeralaLatest

സ്ഥാനാര്‍ത്ഥി ഇല്ല; അമിത് ഷായുടെ തലശ്ശേരിയിലെ തെരഞ്ഞെടുപ്പ് പരിപാടി റദ്ദാക്കി

“Manju”

കണ്ണൂര്‍: തലശ്ശേരിയില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി റദ്ദാക്കി. രാത്രി ഒന്‍പത് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ നെടുമ്പാശ്ശേരിയിലെ മാരിയറ്റ് കോര്‍ട്ട്‌യാര്‍ഡ് ഹോട്ടലിലാണ് ഇന്ന് തങ്ങുക. നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗം തൃപ്പൂണിത്തുറയിലെത്തും. പത്തരയ്ക്ക് സ്റ്റാച്യു ജങ്ഷനില്‍ നിന്ന് പൂര്‍ണത്രയീശ ക്ഷേത്ര ജങ്ഷനിലേക്ക് റോഡ് ഷോയ്ക്ക് ശേഷം പതിനൊന്നരയോടെ കാഞ്ഞിരപ്പള്ളിയിലെത്തുന്ന അമിത് ഷാ 11.45ന് പൊന്‍കുന്നം ശ്രേയസ് പബ്ലിക് സ്‌കൂള്‍ മൈതാനത്ത് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും.

ഉച്ചയ്ക്ക് 2.30ന് പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തിലും സംസാരിച്ചതിന് ശേഷം നാലരയോടെ മലമ്ബുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ട് എത്തും. കഞ്ചിക്കോട്ട് മുതല്‍ സത്രപ്പടിവരെ റോഡ് ഷോയ്ക്ക് ശേഷം വൈകിട്ട് 5.45 ഓടെ കോയമ്പത്തൂരിലേക്ക് മടങ്ങും. ഇങ്ങനെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നാളത്തെ ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, സ്ഥാനാര്‍ത്ഥി ഇല്ലാത്ത തലശ്ശേരിയില്‍ എന്ത് നിലപാടെടുക്കുമെന്നതില്‍ ബിജെപിയ്ക്ക് ഇതുവരെ വ്യക്തതയില്ല. ഗുരുവായൂരില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ ദിലീപ് നായരുമായും സ്വതന്ത്ര സ്ഥാനാര്‍ഥി ആന്റണിയുമായും ബിജെപി ജില്ലാ നേതൃത്വം ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇരുവരും ബിജെപി നീക്കത്തോട് അനുകൂലമെന്നാണ് സൂചന. ഇതുസംബന്ധിച്ച അന്തിമതീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊള്ളും.

തലശേരി, ഗുരുവായൂര്‍, ദേവികുളം നിയമസഭാ സീറ്റുകളിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് തള്ളിയത്. മൂന്നിടത്തും മുന്നണിക്ക് ഇരുപതിനായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ ഉണ്ടെന്നാണ് കണക്കുകള്‍. ഗുരുവായൂരിലും ദേവികുളത്തും കഴിഞ്ഞ തവണ മല്‍സരിച്ചവരുടെ പത്രികകള്‍ തന്നെയാണ് ഇത്തവണ തള്ളിയത്. തലശേരിയില്‍ ബിജെപി ജില്ലാ അധ്യക്ഷന്‍ എന്‍ ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ബി.ജെ.പി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായതിനാലാണ് ബിജെപി ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാന്‍ തീരുമാനിച്ചത്. 2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി വി കെ സജീവന്‍ നേടിയത് 22,125 വോട്ടുകളാണ്. എ എന്‍ ഷംസീര്‍ (സിപിഎം)- 70,741, എ പി അബ്ദുള്ളക്കുട്ടി (കോണ്‍ഗ്രസ്) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ വോട്ടുനില. എന്നാല്‍ 2019ല്‍ ലോക്‌സഭയിലേക്കുള്ള മല്‍സരത്തില്‍ ഇതേ സജീവന് തലശ്ശേരിയില്‍ നിന്നു കിട്ടിയത് 13,456 വോട്ടും. പി ജയരാജന് 65,401 വോട്ടും കെ മുരളീധരന് 53,932 വോട്ടുമാണ്.

Related Articles

Back to top button