വൈറസിന്റെ മൂന്നാം വകഭേദം ; ജര്‍മനിയില്‍ ഏപ്രില്‍ 18 വരെ ലോക്ഡൗണ്‍
ബെര്‍ലിന്‍: കോവിഡ് വ്യാപനം ശക്തിയാര്‍ജ്ജിച്ച ജര്‍മനിയില്‍ ഏപ്രില്‍ 18 വരെ ലോക്ഡൗണ്‍ നീട്ടിയതായി ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. നേരത്തെ മാര്‍ച്ച് 28 വരെയായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്. കോവിഡ് നിയന്ത്രണാതീതമായ സാഹചര്യത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ രാജ്യം പൂര്‍ണമായും അടച്ചിടും. ഏപ്രില്‍ അഞ്ചുവരെ ആരും പുറത്തിറങ്ങരുതെന്നും വീടുകളില്‍ തന്നെ കഴിയണമെന്നും ജനങ്ങളോട് ചാന്‍സലര്‍ ആവശ്യപ്പെട്ടു. 16 സംസ്ഥാന ഗവര്‍ണര്‍മാരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനമായത്.
പ്രതിദിന കോവിഡ് ബാധ കണക്കിലെടുത്താല്‍ അമേരിക്കയേക്കാള്‍ കൂടിയതായും വൈറസിന്റെ മൂന്നാംവരവാണ് ജര്‍മ്മനി നേരിടുന്നതെന്നും മെര്‍ക്കല്‍ ചൂണ്ടിക്കാട്ടി. വൈറസിന്റെ മൂന്നാംവകഭേദമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി. ‘തികച്ചും വ്യത്യസ്തമായ വൈറസാണ് ഇപ്പോള്‍ കാണപ്പെടുന്നത്. നേരത്തെ കണ്ടെത്തിയിരുന്ന വൈറസിനെ അപേക്ഷിച്ച് കൂടുതല്‍ മരണനിരക്കിന് ഇടയാക്കുന്നതും വ്യാപനശേഷി കൂടുതലുള്ളതുമായ വൈറസാണിത്” -ചാന്‍സലര്‍ പറഞ്ഞു. തിങ്കളാഴ്ച ലക്ഷത്തില്‍ 107 പേര്‍ക്കാണ് ശരാശരി രോഗബാധ. മൂന്നാഴ്ച മുമ്പ് ഇത് 60 ആയിരുന്നുവെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു .