ErnakulamLatest

കടമായി പറഞ്ഞുവച്ച ടിക്കറ്റിന് ആറ് കോടി; വാക്ക് മാറാതെ ലോട്ടറി വിൽപ്പനക്കാരി

“Manju”

കൊച്ചി: ആലുവ സ്വദേശിയായ ചന്ദ്രനെ തേടിയെത്തിയ ആറ് കോടിയുടെ ഭാഗ്യക്കുറിയ്ക്ക് കോടികളുടെ പ്രലോഭനത്തിന് മുന്നിൽ കണ്ണ് മഞ്ഞളിക്കാതെ ഉറച്ചു നിന്ന ഒരു അനുബന്ധ കഥകൂടിയുണ്ട്. ‘വാക്കാണ് സത്യം’ എന്ന് മൗനമായി തെളിയിക്കുന്ന സ്മിജ എന്ന ലോട്ടറി ഏജന്റിന്റെ സത്യസന്ധതയുടെ കഥ.

സമ്മർ ബമ്പർ സമ്മാനത്തിന് അർഹനായ ചന്ദ്രൻ ആ ടിക്കറ്റ് വാങ്ങിയത് കടമായി ആയിരുന്നു. ഏജന്റിനോട് പണം പിന്നെ തരാമെന്ന് പറഞ്ഞ് മാറ്റിവെപ്പിച്ച ടിക്കറ്റിനാണ് ഞായറാഴ്ച നടന്ന നറുക്കെടുപ്പിൽ ബമ്പർ സമ്മാനം അടിച്ചത്. എസ്ഡി 316142 എന്ന നമ്പറിലൂടെയാണ് ചന്ദ്രനെ ഭാഗ്യം കടാക്ഷിച്ചത്. ടിക്കറ്റ് കടമായി നൽകിയ സ്മിജ, ചന്ദ്രന് ലോട്ടറി അടിച്ചിട്ടും തന്റെ വാക്ക് മാറിയില്ല. ടിക്കറ്റ് അദ്ദേഹത്തിന് തന്നെ നൽകി.

പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്ത് രാജഗിരി ആശുപത്രിക്ക് മുൻപിൽ വിൽപ്പന നടത്തുന്ന വലമ്പൂർ സ്വദേശിനി സ്മിജകെ. മോഹന്റെ പക്കൽനിന്ന് കടമായി വാങ്ങിയ ടിക്കറ്റിലൂടെയാണ് ചന്ദ്രനെ തേടി ഭാഗ്യദേവത എത്തിയത്. ഞായറാഴ്ച 12 ബമ്പർ ടിക്കറ്റുകൾ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്പറുകൾ ചോദിച്ചറിഞ്ഞ ചന്ദ്രൻ ടിക്കറ്റ് തെരഞ്ഞെടുത്തു.

ഞായറാഴ്ച വൈകിട്ടോടെ തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്മിജയറിഞ്ഞു. ഇക്കാര്യം ചന്ദ്രനെ വിളിച്ചുപറഞ്ഞ് രാത്രിയോടെ ടിക്കറ്റ് കൈമാറി. രാജേഷാണ് സ്മിജയുടെ ഭർത്താവ്. മൂത്തമകൻ 13 കാരൻ ജഗൻ മസ്തിഷ്‌ക്കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയവനായ രണ്ടു വയസ്സുകാരൻ ലുകൈദ് അർബുദ ചികിത്സയിലും. ദുരിതമായ സാഹചര്യത്തിൽ പോലും സ്മിജയെ ലോട്ടറിഭാഗ്യം പ്രലോഭിപ്പിച്ചില്ല.

സ്മിജയുടെ സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാൻ കാരണമായതെന്ന് ചന്ദ്രൻ പറയുന്നു. കീഴ്മാട് ഡോൺ ബോസ്‌കോയിൽ പൂന്തോട്ട പരിപാലകനായി ജോലി ചെയ്യുകയാണ് ചന്ദ്രൻ. വർഷങ്ങളായി സ്ഥിരമായി ടിക്കറ്റെടുക്കാറുണ്ടെങ്കിലും തീരെ ചെറിയ സമ്മാനങ്ങളാണ് അടിച്ചിരുന്നത്. കുട്ടമശ്ശേരി എസ്ബിഐയിലെത്തി ചന്ദ്രൻ ടിക്കറ്റ് കൈമാറുകയും സ്മിജയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Related Articles

Back to top button