KeralaLatest

ഷാർജ ഷെയ്ഖിനെ ഒറ്റയ്ക്ക് ഇതുവരെ കണ്ടിട്ടില്ല: പുറത്തുവരുന്നത് ശുദ്ധ അസംബന്ധം : സ്പീക്കർ

“Manju”

മലപ്പുറം: സ്വപ്‌ന സുരേഷിന്റെ മൊഴിയെന്ന പേരിൽ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് ശുദ്ധ അസംബന്ധമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ. പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്ന് സ്പീക്കർ പ്രതികരിച്ചു. വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ തീരുമാനിച്ചുവെന്നും അതിൽ നിക്ഷേപം ഉണ്ടെന്നും പറയുന്ന മൊഴി തീർത്തും അടിസ്ഥാന വിരുദ്ധമാണ്. ഇക്കാര്യം ആർക്കും അന്വേഷിച്ച് ബോധ്യപ്പെടുത്താമെന്നും സ്പീക്കർ വിശദീകരിച്ചു.

ഒമാനിൽ നല്ല നിലയിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ലഫീർ അഹമ്മദിനെ പരിചയമുണ്ട്. ഷാർജ ഷെയ്ഖിനെ കേരളത്തിൽ നിന്നോ പുറത്ത് നിന്നോ ഒറ്റയ്ക്ക് ഒരിക്കലും കാണാൻ അവസരം ലഭിച്ചിട്ടില്ല. കണ്ടിട്ടുമില്ല. കേരള സന്ദർശന വേളയിൽ അനൗദ്യോഗികമായ അത്താഴ വിരുന്നിൽ പങ്കെടുത്തുവെന്നലാതെ മറ്റൊന്നും ഉണ്ടായിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.

ഏത് തരം അന്വേഷണത്തിനും തയ്യാറാണെന്നും സ്പീക്കർ പറയുന്നു. വിദേശത്ത് സ്ഥാപനം തുടങ്ങാനോ അതിലേക്ക് നിക്ഷേപം സംഘടിപ്പിക്കാനോ അതിന് വേണ്ടി ആരോടെങ്കിലും സംസാരിക്കാനോ ഒന്നും ശ്രമിച്ചിട്ടില്ലെന്നും സ്പീക്കർ വ്യക്തമാക്കി. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവന്നത്.

സ്പീക്കർ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാൻ പദ്ധതിയിട്ടതായി സ്വപ്‌ന നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. മിഡിൽ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു ശ്രമം. സൗജന്യമായി ഭൂമി ലഭിക്കാൻ ഷാർജാ ഭരണാധികാരിയുമായി സ്പീക്കർ കൂടിക്കാഴ്ച നടത്തി. യുഎഇ കോൺസുൽ ജനറലിന്റെ ശുപാർശയോടെയായിരുന്നു കൂടിക്കാഴ്ച.

ഒമാൻ മിഡിൽ ഈസ്റ്റ് കോളേജിൽ സ്പീക്കർക്ക് നിക്ഷേപമുണ്ട്. തിരുവനന്തപുരത്തെ ഹോട്ടൽ ലീലാ പാലസിൽ വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു. സ്പീക്കർക്കെതിരായ ആരോപണം കൂടുതൽ തെളിവുകളോടെ പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് കാലത്ത് വലിയ രീതിയിലെ രാഷ്ട്രീയ പ്രതിസന്ധിയാണ് സർക്കാർ നേരിടുന്നത്.

Related Articles

Back to top button