ErnakulamLatest

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം: കെ.എം ഷാജിയ്‌ക്കെതിരെ കേസെടുക്കാമെന്ന് വിജിലൻസ്

“Manju”

കൊച്ചി: മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും അഴീക്കോട് മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കെഎം ഷാജിയ്ക്ക് അനധികൃത സ്വത്തെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. കെഎം ഷാജിയ്ക്ക് വരവിനെക്കാൾ 166 ശതമാനം അനധികൃത സ്വത്താണ് കോടതി ഉത്തരവ് പ്രകാരം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയത്. ഒൻപത് വർഷത്തിനിടെ 160 ശതമാനത്തിൽ അധികം സ്വത്ത് സമ്പാദിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എം ഷാജിയ്‌ക്കെതിരെ കേസെടുക്കാമെന്ന് വിജിലൻസ് അറിയിച്ചു.

2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് ഇത്രയും വർദ്ധനവ് കണ്ടെത്തിയത്. 2,03,80,557 കോടി രൂപയുടെ സമ്പാദ്യം ഈ ഘട്ടത്തിൽ ഉണ്ടായെന്നാണ് കണക്ക്. ഇത് വരവിനെക്കാൾ 166 ശതമാനം അധികമാണ്. ഷാജിയ്‌ക്കെതിരായ അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് പൊതു പ്രവർത്തകനായ അഡ്വ. എംആർ ഹരീഷ് നൽകിയ പരാതിയിൽ കോടതി നിർദ്ദേശത്തെ തുടർന്നാണ് വിജിലൻസ് സ്‌പെഷ്യൽ യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തിയത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഷാജി നൽകിയ സത്യവാങ്മൂലത്തിലെ വരുമാനവും ആഡംബര വീട് നിർമ്മാണത്തിന് ചെലവഴിച്ച തുകയും തമ്മിൽ പൊരുത്തക്കേട് ഉണ്ടെന്നാണ് ആരോപണം. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലായിരുന്നു. തുടർന്നാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഹരീഷ് വീണ്ടും ഹർജി നൽകിയത്. ഇതിന് നൽകിയ മറുപടിയിലാണ് ഷാജിയ്ക്കെതിരെ കേസെടുക്കാമെന്ന് വിജിലൻസ് കോടതിയിൽ അറിയിച്ചത്.

Related Articles

Back to top button