AlappuzhaLatest

കഥകളി കലാകാരന്മാർക്ക് ആശ്രയമായി സഹായമെത്തിച്ച് ജീവാമൃതം വാട്സാപ്പ് ഗ്രൂപ്പ്

“Manju”

കൊറോണയെ തുടർന്ന് ലോക് ഡൗൺ വന്നതോടെ പെരുവഴിയിലായ കഥകളി കലാകാരന്മാർക്ക് സഹായവും ജീവാമൃതവുമാവുകയാണ് ഒരു വാട്സാപ്പ് കൂട്ടായ്മ. കഥകളി കലാകാരനായ ചെട്ടികുളങ്ങര ഉണ്ണിക്കൃഷ്ണനും കഥകളി കലാകാരിയായ രഞ്ജിനി നായരും സുഹൃത്ത് അഡ്വ. ദേവീ പ്രസാദും ചേർന്നപ്പോൾ സംസ്ഥാനത്ത് അവശതയനുഭവിക്കുന്ന കഥകളി കലാകാരന്മാർക്ക് ഒരു ആശ്വാസമായി മാറുകയായിരുന്നു. ഇതുവരെ 22 ലക്ഷം രൂപയാണ് ഇവർ നേതൃത്വം നൽകുന്ന വാട്സാപ്പ് കൂട്ടായ്മയായ ‘ജീവാമൃതം ചെട്ടികുളങ്ങര’ സഹായധനമായി കഥകളി കലാകാരന്മാർക്ക് നൽകിയത്..

ഉണ്ണിക്കൃഷ്ണനും രഞ്ജിനി നായരും
2020 ഏപ്രിൽ 8 ന് സഹായം കൊടുത്ത് തുടങ്ങിയതിനു ശേഷം ഏകദേശം നാനൂറിലധികം കലാകാരന്മാർക്ക് സഹായം ചെയ്യാൻ കഴിഞ്ഞതായി വാട്സാപ്പ് കൂട്ടായ്മ ഭാരവാഹികൾ പറയുന്നു. പാര്‍പ്പിടം,ചികിത്സ,അരങ്ങുപരിമിതി,അശരണര്‍,അരങ്ങുവിട്ട ഗുരുനാഥന്മാര്‍,മംഗല്യനിധി, വിദ്യാഭ്യാസ സഹായം തുടങ്ങി ഏറ്റകുറച്ചിലുകള്‍ അനുസരിച്ച് മൂവായിരം രൂപ മുതൽ രണ്ടു ലക്ഷം രൂപ വരെ അർഹർക്ക് നൽകാൻ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. ലോകത്തെ വിവിധ ഭാഗത്തുള്ള കഥകളിയെ സ്നേഹിക്കുന്ന സുമനസ്സുകളാണ് ‘ജീവാമൃതം@ ചെട്ടികുളങ്ങര’യുടെ നട്ടെല്ല്. റഷ്യയിലെ മോസ്കോയിൽ ഇരുന്നു കൊണ്ടാണ് ചെട്ടികുളങ്ങര ഉണ്ണിക്കൃഷ്ണൻ ഈ വാട്സാപ്പ് കൂട്ടായ്മയുടെ ഭാഗമായതും സഹായധനമെത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചതും.

പതിമൂന്ന് വർഷമായി മോസ്കോയിൽ ജോലി ചെയ്യുകയാണ് ചെട്ടികുളങ്ങര ഉണ്ണികൃഷ്ണൻ. വേൾഡ് മലയാളി ഫെഡറേഷൻ റഷ്യൻ ഘടകം സെക്രട്ടറി കൂടിയാണ് അദ്ദേഹം. കൊറോണ കാലത്ത് റഷ്യയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കുന്നതിന്റെ മുൻനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന പ്രവാസജീവിതത്തിൽ മസ്‌ക്കറ്റിലെയും പിന്നീട് യുഎഇ ലെയും കഥകളിയരങ്ങുകളിലെ നിറസാന്നിദ്ധ്യമായിരുന്ന കലാകാരിയാണ് പാലക്കാട് പുത്തൂർ നിവാസിയായ രഞ്ജിനി നായർ. വിവിധ എമിരേറ്റ്സുകളിലെ കഥകളി സംഘാടനത്തിലും അരങ്ങിലും ശക്തമായ വനിതാ സാന്നിദ്ധ്യമായിരുന്നു ഈ കലാകാരി. ദുബായ് ഇന്ത്യൻ കോൺസുലേറ്റ്, അബുദാബി ഇന്ത്യൻ എംബസി എന്നിവയുമായി സഹകരിച്ചായിരുന്നു കഥകളി അവതരിപ്പിച്ചിരുന്നത്.

മാവേലിക്കര കോടതിയിലെ അഭിഭാഷകനും എഴുത്തുകാരനും അക്ഷരാ ബുക്ക് സ്റ്റാൾ ഉടമയുമാണ് അഡ്വ, ടി.എൻ ദേവീ പ്രസാദ്..

Related Articles

Back to top button