Malappuram

ലഹരിമരുന്നും സ്വർണവും കടത്തുന്നതിനിടെ രണ്ടു പേർ അറസ്റ്റിൽ

“Manju”

മലപ്പുറം: വഴിക്കടവ് ചെക്ക് പോസ്റ്റ് വഴി ലഹരിമരുന്നും സ്വർണവും കടത്തുന്നതിനിടെ രണ്ടു പേർ അറസ്റ്റിൽ. 71.5 ഗ്രാം എംഡിഎംഎയും 10 ലക്ഷം രൂപ വിലവരുന്ന 227 ഗ്രാം സ്വർണവുമാണ് പിടിച്ചെടുത്തത്. പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി മുഹമ്മദ് ആഷിഖ്, പാലാങ്കര സ്വദേശി മുഹമ്മദ് മിസ്ബാഹ് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം കോട്ടക്കയ്ക്കലിൽ നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപയുമായി യുവാവ് പിടിയിലായിരുന്നു. ദേശീയപാതയിലെ സ്വാഗതമാട്ട് തെരഞ്ഞെടുപ്പ് പ്രത്യേക സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പരിശോധനയ്ക്കിടെ അതുവഴി എത്തിയ മാറാക്കര കല്ലാർമംഗലം കടക്കാടൻ അബ്ദുൽ സലാമിനെ ചോദ്യം ചെയ്യുന്നതിനിടെ പണം കണ്ടെത്തുകയായിരുന്നു.

തിരൂരിൽ നിന്നുള്ള ആദായ നികുതി ഉദ്യോഗസ്ഥരും യുവാവിനെ ചോദ്യം ചെയ്തു. വാഹനക്കച്ചവടം വഴി ലഭിച്ച തുകയാണിതെന്നാണ് യുവാവ് മൊഴി നൽകിയത്. തെരഞ്ഞെടുപ്പിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. പിടികൂടിയ തുക കോട്ടയ്ക്കൽ പോലീസ് സ്‌റ്റേഷനിലെത്തി എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം ട്രഷറിയിൽ അടച്ചു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിൽ പോലീസും ആദായ നികുതി വകുപ്പും പരിശോധന കർശനമാക്കിയിരിക്കുകയാണ്.

അടുത്തിടെ വാളയാറിലും കോടികൾ വിലമതിക്കുന്ന എംഡിഎംഎ പിടികൂടിയിരുന്നു. ബംഗളൂരുവിൽ നിന്നും വന്ന യുവാവിൽ നിന്ന് രണ്ട് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് പോലീസും ആദായ നികുതി വകുപ്പും പരിശോധന കർശനമാക്കിയിരിക്കുകയാണ്.

Related Articles

Back to top button