KeralaLatestPalakkad

ചുട്ടുപൊള്ളി പാലക്കാട്

“Manju”

പാലക്കാട്: പാലക്കാട് ജില്ലയില്‍ വീണ്ടും താപനില ഉയര്‍ന്നു. 37.6 ഡിഗ്രി സെല്‍ഷ്യസാണ് ജില്ലയില്‍ ഇന്നലെ രേഖപ്പെടുത്തിയ ശരാശരി താപനില. മലമ്പുഴ അണക്കെട്ടിലെ താപമാപിനിയിലാണ് താപനില രേഖപ്പെടുത്തിയത്. അതേസമയം മുണ്ടൂര്‍ ഐആര്‍ടിസിയില്‍ ഇന്നലെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം 40.5 ഡിഗ്രിയായിരുന്നു മുണ്ടൂരിലെ താപനില.

ജില്ലയില്‍ പകല്‍ 11 മണി മുതല്‍ വൈകിട്ട് 3 മണിവരെ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്. മലമ്പുഴയില്‍ കഴിഞ്ഞ ദിവസം 36.8 ഡിഗ്രിയായിരുന്നു ചൂട്. പകല്‍ സമയത്ത് വീട്ടിനുള്ളില്‍ പോലും അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇടയ്ക്ക് ജില്ലയില്‍ വേനല്‍മഴ ലഭിച്ചിരുന്നെങ്കിലും ചൂടിനു കുറവില്ല. ചൂട് കനക്കുന്ന സാഹചര്യത്തില്‍ വീടിനകത്തും പുറത്തും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കൂടുതല്‍ സമയം വെയിലേറ്റുള്ള യാത്രകള്‍ കഴിയുന്നതും ഒഴിവാക്കണമെന്നും ധാരാളം ശുദ്ധജലം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നു. പകല്‍ 11 മണി മുതല്‍ വൈകിട്ട് 3 വരെയുള്ള യാത്രകള്‍ നിയന്ത്രിക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

വീടിനുള്ളില്‍ പോലും ചൂടു കൂടി താപാഘാതത്തിന് സാധ്യത ഉണ്ട്. അതിനാല്‍ ജനലും വാതിലും തുറന്നു വീടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പാക്കണം. ഭക്ഷണം പാചകം ചെയ്യുമ്പോള്‍ അടുക്കളയുടെ വാതിലും ജനലും തുറന്നിടണം. ഇല്ലെങ്കില്‍ അടുക്കളക്കകത്തു ചൂടു കൂടി അത്യാഹിതങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Related Articles

Back to top button