IndiaKeralaLatestSports

ഐ ലീഗ് കിരീടം നേടി അഭിമാനമായി ഗോകുലം

“Manju”

കൊൽക്കത്ത: കേരള ഫുട്‌ബോളിന് ഇത് ഉണർത്തുപാട്ട്. ഐ ലീഗ് ഫുട്‌ബോൾ കിരീടം ചരിത്രത്തിലാദ്യമായി കേരളത്തിലേക്ക്. മണിപ്പൂരിന്റെ ട്രാവുവിനെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കിരീടപ്പോരാട്ടത്തിൽ ഗോകുലം കേരളത്തിന്റെ പേര് എഴുതി ചേർത്തത്.

പതിനഞ്ച് കളികളിൽ നിന്നായി 29 പോയിന്റുകളുമായാണ് ഗോകുലം ചാമ്പ്യൻമാരായത്. അവസാന മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്ക് തോൽപിച്ച ഗോവ ചർച്ചിൽ ബ്രദേഴ്‌സിനും 29 പോയിന്റുകൾ ഉണ്ടായിരുന്നു. എന്നാൽ മികച്ച ഗോൾ ശരാശരിയുടെ ആനുകൂല്യത്തിൽ കിരീടം ഗോകുലത്തിന് സ്വന്തമായി. പതിനഞ്ച് കളികളിൽ ഒൻപതെണ്ണവും ഗോകുലം ജയിച്ചിരുന്നു. നാലെണ്ണത്തിൽ പരാജയപ്പെട്ടെങ്കിലും രണ്ടെണ്ണം സമനിലയിൽ പിടിച്ചു.

ഇരുപത്തിനാലാം മിനിറ്റിൽ വിദ്യാസാഗർ സിംഗിന്റെ ഗോളിലൂടെ ട്രാവു മുൻപിലെത്തിയിരുന്നു. ആദ്യപകുതി പിന്നിട്ടപ്പോഴും ഗോകുലത്തിന് ഗോൾ മടക്കാനായിരുന്നില്ല. എഴുപതാം മിനിറ്റിലാണ് ട്രാവുവിന്റെ വല കുലുക്കി ഗോകുലം തിരിച്ചടിച്ചത്. അഫ്ഗാൻ താരം ഷെരീഫിന്റെ ഫ്രീ ക്വിക്കിലൂടെയായിരുന്നു ഗോൾ പിറന്നത്. നാല് മിനിറ്റിനുള്ളിൽ എമിൽ ബെന്നി അടുത്ത ഗോളിലൂടെ ഗോകുലത്തെ മുന്നിലെത്തിച്ചു. എഴുപത്തിയേഴാം മിനിറ്റിൽ ഡെന്നീസ് മൂന്നാം ഗോൾ നേടി.

മത്സരമവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെയായിരുന്നു ഒടുവിലത്തെ ഗോൾ നേടി ഗോകുലം വിജയം ആധികാരികമാക്കിയത്. മുഹമ്മദ് റാഷിദ് ആയിരുന്നു കലാശക്കൊട്ട് നടത്തിയത്.

കേരള പോലീസ് രണ്ട് വട്ടം ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ശേഷം ഇത് ആദ്യമായിട്ടാണ് ഒരു ദേശീയ ഫുട്‌ബോൾ കിരീടം കേരളത്തിന്റെ മണ്ണിലേക്ക് എത്തുന്നത്. ഈ നേട്ടത്തോടെ ഡ്യൂറന്റ് കപ്പും ഐ ലീഗും നേടുന്ന ആദ്യ കേരള ക്ലബ്ബായി ഗോകുലം മാറി. 2019 ഓഗസ്റ്റ് 24 നാണ് ഗോകുലം മോഹൻബെഗാനെ തോൽപിച്ച് ഡ്യൂറന്റ് കപ്പ് നേടിയത്.

Related Articles

Back to top button