IndiaKeralaLatest

വിഷുകിറ്റ് വിതരണം ഇന്ന് തുടങ്ങാന്‍ നീക്കം

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് വിഷുകിറ്റ് വിതരണം ഇന്ന് തുടങ്ങാൻ നീക്കം. പ്രത്യേക ഉത്തരവിറക്കിയാലും, അവധി ദിവസങ്ങളായ ഏപ്രിൽ ഒന്നിനും രണ്ടിനും കടകൾ തുറക്കാനാകില്ലെന്ന് റേഷൻ വ്യാപാരികൾ വ്യക്തമാക്കിയതോടെയാണിത്. സ്പെഷൽ അരിവിതരണം തിരഞ്ഞെടുപ്പ് കമ്മീഷൻ തടഞ്ഞതിനെതിരെ ഇന്ന്(തിങ്കൾ) ഹൈക്കോടതിയിൽ ഹർജി നൽകും.

ഏപ്രിലിലെ കിറ്റ് മാർച്ച് അവസാനവാരം നൽകാനായിരുന്നു തീരുമാനം. നേരത്തെ വിതരണം ചെയ്യുന്നത് വോട്ടുലക്ഷ്യമിട്ടാണന്ന് ആരോപിച്ച് പ്രതിപക്ഷം പരാതി നൽകിയതോടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് വിശദീകരണം തേടിയതും വിതരണം ഒന്നാം തീയതി മുതൽ മതിയെന്ന് തീരുമാനിച്ചതും. ഒന്നും രണ്ടും അവധി ദിവസങ്ങളാണ്. പ്രത്യേക ഉത്തരവിറക്കി റേഷൻ കടകൾ തുറപ്പിക്കാമെന്നായിരുന്നു ഭക്ഷ്യവകുപ്പിന്റെ കണക്കുകൂട്ടൽ.

എന്നാൽ പെസഹവ്യാഴം, ദുഖവെള്ളി ദിവസങ്ങളിൽ കട തുറക്കില്ലെന്ന് വ്യാപാരികൾ കർശന നിലപാട് എടുത്തതോടെയാണ് കിറ്റ് വിതരണം നേരത്തെയാക്കാൻ ആലോചിക്കുന്നത്. എങ്കിലേ പരമാവധി ആളുകളിൽ അഞ്ചാം തീയതിക്ക് മുമ്പാകെ കിറ്റ് എത്തിക്കാനാകു. മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ചോദിച്ചതല്ലാതെ വിതരണം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭക്ഷ്യവകുപ്പ് പറയുന്നു.

Related Articles

Back to top button