KeralaLatestNatureWayanad

ഇത് ലക്ഷങ്ങൾ തരും ഹരിത സ്വർണ്ണം ; പരിസ്ഥിതി സൗഹൃദം , ലാഭകരം

“Manju”

വയനാട് : വയനാടൻ കാടുകളിൽ ഇപ്പോൾ സ്വർണ്ണ മഴ പെയ്യുകയാണ്. ഹരിത സ്വർണ്ണം (Green Gold) എന്ന് വിളിക്കുന്ന മുള, പ്രായമെത്തി പൂത്തുലഞ്ഞിരിക്കുകയാണ് നാടെങ്ങും. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തലകുനിച്ച് നില്‍ക്കുന്ന മുളങ്കൂട്ടങ്ങൾ ഇപ്പോൾ വയനാടന്‍ കാടുകളിലെ സാധാരണ കാഴ്ചയാണ്.

ഓൺലൈനിൽ 1000 രൂപയ്ക്ക് മുകളിലാണ് ഒരു കിലോ മുളയരിക്ക് വില. വയനാട്ടിലെ വിപണിയില്‍ മുളയരിക്ക് 400 മുതല്‍ 600 രൂപ വരെ വിലയുണ്ട്. പുട്ടു പൊടി, മുളയരി പായസം, എന്ന് തുടങ്ങി ആയുർവേദ മരുന്നുകളുടെ വരെ ഭാഗമാണ് മുളയരി.
1943-ലെ ബംഗാൾ ക്ഷാമം എന്നറിയപ്പെട്ട ഭക്ഷ്യക്ഷാമത്തിന്റെ വേളയിലാണ് ആദിവാസികളിൽ നിന്ന് മുളയരിയുടെ സാധ്യത മറ്റുളവർ തിരിച്ചറിഞ്ഞത്. അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിൽ ഉണ്ട്. കൂടാതെ ഇളം കൂമ്പുകൾ (Bamboo shoots) രുചികരമായ ഭക്ഷ്യവിഭവമാണ്. മുളകൂമ്പിൽ നിന്ന് കട്ലൈറ്റ് മുതൽ മുതൽ ഹൽവ വരെ ഉണ്ടാക്കാം.
മുളയരി ശേഖരണം അത്ര എളുപ്പമല്ല. പൂത്തുനിൽക്കുന്ന മുളങ്കാടുകളുടെ അടി ഭാഗം കാട് വെട്ടി വൃത്തിയാക്കി, കാറ്റിൽ വീഴുന്ന മുളയരികളെ അടിച്ചു കൂട്ടി, മുളയിലയും മാലിന്യങ്ങളും നീക്കിയശേഷം മില്ലിൽ കുത്തി എടുക്കേണ്ടതുണ്ട്.
ആദിവാസികൾ സകുടുംബം തമ്പടിച്ചു കൊണ്ട് മുളയരി ശേഖരിക്കുന്നത് വയനാട്ടിലെ സാധാരണ കാഴ്ചയാണ്. അപൂർവ്വമായി നാട്ടുകാരും ഇതിനായി ഇറങ്ങാറുണ്ട്.

പക്ഷേ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഹരിത സ്വർണ്ണം വില്ലനാകാൻ അധിക സമയം വേണ്ട.

സ്വർണ്ണ മഴയിലെ അപകടങ്ങൾ

2014 മുതൽ വയനാടൻ കാടുകളിൽ വിവിധ ഇടങ്ങളിൽ തുടർച്ചയായി മുള പൂക്കുന്നുണ്ട്. വയനാട്ടിലെ 344.44 ചതുരശ്ര കിലോമീറ്റർ വനഭൂമിയിൽ 500 ഹെക്ടറിൽ കൂടുതൽ വളരുന്ന മുള സവിശേഷ ശ്രദ്ധ ആവശ്യമുള്ള ഒന്നാണ്.
കാടിനോട് ചേർന്ന് താമസിക്കുന്നവർക്ക് മുള പൂക്കുന്നത്ദു രിതകാലമാണ്. പ്രാണി ശല്യവും, വന്യമ്യഗശല്യവും, എലിശല്യവും ഒരുപോലെ രൂക്ഷമാവാറുണ്ട് ഈ കാലയളവിൽ.

മുള അരി കഴിക്കാൻ എത്തുന്ന എലികൾ വ്യാപകമായി വർദ്ധിക്കുന്നത് വഴി കനത്ത കൃഷിനാശത്തിന് കാരണമായി മാറും. എലികളുടെ പ്രജനനത്തിന്റെ ത്രീവത ഞെട്ടിക്കുന്നതാണ്. രണ്ട് എലികളിൽ നിന്ന് ഒരു വർഷം കൊണ്ട് 1250 എലികൾ വരെ ഉണ്ടാവാം എന്നതാണ് കണക്ക്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ കേരളത്തിന് ഓസ്ട്രേലിയയുടെ അവസ്ഥ വരും. കോവിഡിനും പ്രളയത്തിനുശേഷം ഓസ്ട്രേലിയയിൽ എലികളുടെ പ്ലേഗ് (Mouse Plague) പടർന്ന് പിടിക്കുകയാണ്.
മുള ഒരിക്കലേ പൂക്കുകയുള്ളൂ (Gregarious flowering). അതോടെ ആ മുള നശിക്കും. ഇങ്ങനെ ഒരു പ്രദേശത്തെ മുള മുഴുവനും ഒരുമിച്ച് പൂക്കുകയും അതോടെ നശിച്ചു പോകുകയും ചെയ്യുമ്പോൾ, ആ സ്ഥാനത്ത് മറ്റൊരു മുളങ്കൂട്ടം വളർന്നു വരാൻ കുറെയധികം വർഷങ്ങൾ വേണ്ടി വരുന്നു. മുളയില ഉണങ്ങി വീഴുന്നതോടെ കാടുകളിൽ വ്യാപകമായ തീപിടുത്തത്തിന് സാധ്യത കൂടുതലാണ്. ഇങ്ങനെ തീ പടരുന്നത് മൂലം ഒരു പ്രദേശത്തെ മുഴുവൻ മുളങ്കൂട്ടങ്ങൾ ഒരുമിച്ച് നശിക്കുന്നു. നിലത്ത് വീണ മുളയരി ഉൾപ്പടെ കത്തിത്തീരുന്നതു കൊണ്ട് അവിടെ മറ്റൊരു മുളങ്കൂട്ടം വളർന്നുവരാനുള്ള സാഹചര്യം നഷ്ടപ്പെടുന്നു.
ആനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ഭക്ഷണമായ മുള നശിക്കുന്നത് മൂലം വന്യമൃഗശല്യം വർധിക്കും. കഴിഞ്ഞ ഒരു ദശകത്തിനിടെ വയനാടൻ കാടുകളിൽ 25 ശതമാനത്തോളം മുളകൾ നഷ്ടപ്പെട്ടുകഴിഞ്ഞു. വയനാട്ടിലെ രൂക്ഷമായ വന്യമൃഗശല്യത്തിന്റെ കാരണങ്ങളിലൊന്ന് ഈ മുളനാശമാണ്.

Related Articles

Back to top button