EnglishKeralaLatest

എസ് എൻ സി ലാവ് ലിൻ കേസിൽ ഇ ഡിക്ക് മുന്നിൽ കൂടുതൽ തെളിവുകൾ

“Manju”

കൊച്ചി : മുഖ്യമന്ത്രിയെ വെട്ടിലാക്കി എസ് എൻ സി ലാവ് ലിൻ കേസിൽ ഇ ഡിക്ക് മുന്നിൽ കൂടുതൽ സുപ്രധാന തെളിവുകൾ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അനധികൃത സാമ്പത്തിക ഇടപാടുകൾ, വിദേശ നിക്ഷേപങ്ങൾ എന്നിവയുടെ തെളിവുകളും, രേഖകളും കൈവശമുണ്ടെന്ന് ടി പി നന്ദകുമാർ. മന്ത്രി ഡോ.തോമസ് ഐസക്, സിപിഎം, പിബി അംഗം എം എ ബേബി എന്നിവരുടെ സാമ്പത്തിക തട്ടിപ്പുകളുടെ രേഖകളും ഇ ഡിക്ക് നൽകിയെന്ന് പരാതിക്കാരനായ ക്രൈം ചീഫ് എഡിറ്റർ ടി പി നന്ദകുമാർ പറഞ്ഞു.

കൂടുതൽ രേഖകളുമായി ഹാജരാകാൻ നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് നന്ദകുമാർ കൊച്ചി ഇ ഡി ഓഫീസിൽ വീണ്ടും ഹാജരായത്. ആയിരം കോടി രൂപയുടെ അനധികൃത വിദേശനിക്ഷേപം മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്തുണ്ടെന്നാണ് ക്രൈം മാസിക ചീഫ് എഡിറ്റർ ടി പി നന്ദകുമാറിൻ്റെ പരാതി. ലാവ് ലിൻ കേസ് അട്ടിമറിക്കാൻ ജഡ്ജിമാർക്ക് ഉൾപ്പെടെ പണം നൽകിയതിൻ്റെ വിവരങ്ങളും കൈവശമുണ്ടെന്ന് നന്ദകുമാർ പറയുന്നു. കഴിഞ്ഞ രണ്ട് തവണ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് കൊച്ചി ഓഫീസിൽ ലാവ്ലിൻ, സ്വരലയ സാമ്പത്തിക ഇടപാടുകളുടെ രേഖകളുമായി നന്ദകുമാർ എത്തിയിരുന്നു.

‘ഡൽഹിയിൽ രൂപീകരിച്ച സ്വരലയയുടെ പേരിൽ കോടികൾ പിരിച്ചതിൻ്റെയും, കള്ളപ്പണം വെളുപ്പിച്ചതിൻ്റെയും തെളിവുകളും, രാജ്യ രഹസ്യങ്ങൾ ചോർത്തി മന്ത്രി തോമസ് ഐസക് 18 കോടി രൂപ ശാസ്ത്ര സാഹിത്യ പരിഷത്തിന് ലഭ്യമാക്കിയതിൻ്റെയും വിവരങ്ങളും ഇ ഡിക്ക് കൈമാറിയെന്ന് ടി പി നന്ദകുമാർ പറഞ്ഞു.

2006 ൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇൻ്റലിജൻസിന് പരാതി നൽകിയിരുന്നെങ്കിലും അന്വേഷണം നീണ്ടു പോയിരുന്നു. തുടർന്നാണ് പരാതി ഇ ഡിക്ക് കൈമാറിയത്. ലാവ്ലിൻ കേസിൽ ഇ ഡി വിശദമായ അന്വേഷണത്തിലേക്ക് കടന്നതോടെ സ്വർണക്കടത്ത് കേസിനൊപ്പം വീണ്ടും ലാവ് ലിൻ കൂടി സർക്കാരിന് കുരുക്കാവുകയാണ്.

Related Articles

Back to top button