LatestMalappuram

 ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറി

“Manju”

മലപ്പുറം : വേങ്ങര മണ്ഡലത്തിലെ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥി അനന്യ കുമാരി അലക്‌സ് തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറി. പാർട്ടി നേതാക്കൾ തന്നെ ക്രൂരമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പിന്മാറ്റം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏക ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥിയാണ് അനന്യ.

തനിക്ക് പാർട്ടിക്കാരുടെ കളളക്കളികൾക്ക് കൂട്ട് നിൽക്കാൻ വയ്യെന്ന് അനന്യ പറഞ്ഞു. പാർട്ടിയിലെ നേതാക്കൾ തന്നെ നിരന്തരമായി പീഡിപ്പിച്ചിരുന്നു. ഒരു നേതാവ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. തന്റെ കരിയർ നശിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും അനന്യ വാർത്താസമ്മേളനത്തിൽ പറയുന്നു.

ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി ഒരു തട്ടിക്കൂട്ട് പാർട്ടിയാണ്. പബ്ലിസിറ്റിയ്ക്ക് വേണ്ടിയാണ് തന്നെ മത്സരിക്കാൻ തെരഞ്ഞെടുത്തത്. ട്രാൻസ്‌ജെൻഡറുകളുടെ പ്രശ്‌നങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു തന്റെ ലക്ഷ്യം. എന്നാൽ ഈ പാർട്ടിയിലൂടെ അത് സാധ്യമാകില്ലെന്ന് മനസിലായി. തന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് അനന്യ വ്യക്തമാക്കി.

ഇവന്റ് മാനേജ്‌മെന്റാണ് തന്നെ സ്‌പോൺസർ ചെയ്തത്. എന്നാൽ ഇതിന് പിന്നിലുള്ള ചതിക്കുഴികളെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നില്ല. ഇനിയും ജനങ്ങളെ പറ്റിക്കാൻ സാധിക്കില്ലെന്നും അനന്യ കൂട്ടിച്ചേർത്തു. തനിക്ക് വേണ്ടി ഇനി ആരും വോട്ട് ചെയ്യരുതെന്നും അനന്യ അപേക്ഷിച്ചു.

വേങ്ങരയടക്കം പത്ത് മണ്ഡലങ്ങളിലാണ് ഡെമോക്രറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിലൂടെ പിന്മാറ്റം പ്രഖ്യാപിച്ചെങ്കിലും സ്ഥാനാർത്ഥി പട്ടികയിൽ അനന്യകുമാരിയുടെ പേരുണ്ടാകും.

 

Related Articles

Back to top button