IndiaKeralaLatest

അത്ഭുതവും ആകാംഷയും നിറച്ച്‌ ചതുര്‍മുഖം ട്രെയിലര്‍

“Manju”

തിരുവനന്തപുരം: മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന വിശേഷണത്തോടെ മഞ്ജു വാരിയര്‍-സണ്ണി വെയ്ന്‍ ടീം പ്രധാനവേഷങ്ങളിലെത്തുന്ന ചതുര്‍മുഖം സിനിമയുടെ ഔദ്യോഗിക ട്രെയിലര്‍ എത്തി. ഹൊറര്‍ ചിത്രത്തിന്റെ എല്ലാ ആകാംഷയും സസ്‌പെന്‍സും നിലനിര്‍ത്തികൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന താരങ്ങള്‍ എല്ലാം ട്രെയിലര്‍ വീഡിയോയില്‍ എത്തുന്നുണ്ട്. അതേസമയം തന്നെ ചതുര്‍മുഖത്തിലെ ‘പ്രേതം’ ആരാണെന്ന കാര്യം സസ്‌പെന്‍സായി വയ്ക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാന്‍ വീഡിയോ കാണുന്നവര്‍ക്ക് പ്രേതം മജ്ഞു വാരിയറുടെ കഥാപത്രമാണോ എന്ന സംശയം ഉണ്ടാകും. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെയിലര്‍ യൂട്യൂബില്‍ ട്രെന്‍ഡാകുകയാണ്.
പതിവു ഹൊറര്‍ സിനിമകളിലെ പോലെ സാരിയുടുത്ത പ്രേതമോ, പ്രേതബാധയുള്ള വീടോ, മന്ത്രവാദിയുടെ ഉച്ചാടനമോ ആവാഹനമോ ഒന്നും ഇല്ലാതെ ഒരുക്കുന്ന ചതുര്‍മുഖം, ഭയപ്പെടുത്തുന്ന സിനിമകള്‍ ആസ്വദിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. മഞ്ജുവിന്റെ തേജസ്വിനി, സണ്ണിയുടെ ആന്റണി, അലന്‍സിയറുടെ ക്ലെമെന്റ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. കോളേജില്‍ ഒന്നിച്ചുണ്ടായിരുന്ന തേജസ്വിനിയും ആന്റണിയും ഇപ്പോള്‍ തിരുവനന്തപുരത്ത് ഒരു സിസിടിവി സെക്യൂരിറ്റി സൊല്യൂഷന്‍സിന്റെ ബിസിനസ്സ് നടത്തുകയാണ്. ഇവരുടെ ജീവിതത്തിലേക്ക് റിട്ടയര്‍ഡ് അഗ്രികള്‍ച്ചറല്‍ കോളേജ് അധ്യാപകനായ ക്ലെമെന്റ് കടന്ന് വരാനുണ്ടാകുന്ന ഒരു അസാധാരണസാഹചര്യവും അതിന്റെ തുടര്‍ച്ചയായി ഉണ്ടാവുന്ന സംഭവങ്ങളുമാണ് സിനിമയില്‍ പ്രതിപാദിക്കുന്നത്.
ഈ മൂന്നു മുഖങ്ങള്‍ കൂടാതെ സിനിമയുടെ പേരു സൂചിപ്പിക്കുന്നതു പോലെ നാലാമതൊരു മുഖം കൂടി സിനിമയിലുണ്ട്. അതൊരു മൊബൈല്‍ ഫോണ്‍ ആണ്. പേരിലെ നിഗൂഢത സിനിമയിലെ പ്രേതത്തിന്റെ കാര്യത്തിലും ഉണ്ട്. മഞ്ജു വാരിയര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ക്ക് പുറമേ നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരാനിര ചിത്രത്തില്‍ അണിനിരക്കുന്നു.
അഞ്ചര കോടി മുതല്‍മുടക്കില്‍ വിഷ്വല്‍ഗ്രാഫിക്‌സിനും സൗണ്ട് ഡിസൈനിങിനും പ്രാധാന്യം നല്‍കി കൊണ്ട് നിര്‍മിച്ചിരിക്കുന്ന സിനിമയുടെ പ്രധാന ഹൈലൈറ്റ് തന്നെ ഇത് വരെ കാണാത്ത മഞ്ജു വാര്യരുടെ ആക്ഷന്‍ സീക്വന്‍സുകളാണ്. നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സും ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Related Articles

Back to top button