Kerala

പാൽ സൊസൈറ്റി പരാമർശം പിൻവലിക്കില്ലെന്ന് ആരിഫ് എംപി

“Manju”

ആലപ്പുഴ : കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിനെതിരെ പരസ്യമായി നടത്തിയ പരാമർശം പിൻവലിക്കില്ലെന്ന് എഎം ആരിഫ് എംപി. തൊഴിലിനെയല്ല മറിച്ച് പ്രാരാബ്ദങ്ങൾ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തെയാണ് വിമർശിച്ചതെന്ന് ആരിഫ് എംപി പറഞ്ഞു. പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ലെന്ന് പറഞ്ഞാണ് ആരിഫ് വനിതാ സ്ഥാനാർത്ഥിയെ അധിക്ഷേപിച്ചത്. തുടർന്ന് ഇതിനെതിരെ പ്രതിഷേധം ഉയർന്നതോടെയാണ് എംപി പ്രതികരണവുമായി രംഗത്തെത്തിയത്.

തൊഴിലാളികളെയല്ല മറിച്ച് പ്രാരാബ്ദവും ബുദ്ധിമുട്ടും പറഞ്ഞ് വോട്ട് നേടാൻ ശ്രമിക്കുന്ന രീതിയെയാണ് താൻ വിമർശിച്ചതെന്ന് ആരിഫ് പറഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥി പാൽ വിറ്റ് ഉപജീവനം നടത്തുന്നയാളാണ്. അത് ഒരു മാനദണ്ഡമായി സ്ഥാനാർത്ഥി തെരഞ്ഞെടുക്കപ്പെടണമെന്ന് യുഡിഎഫ് പ്രചരിപ്പിക്കുന്നത് ശരിയാണോ എന്ന് ആരിഫ് ചോദിച്ചു. അങ്ങനെയാണെങ്കിൽ തൊട്ടടുത്ത മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ലോട്ടറി വിറ്റ് ഉപജീവനം നടത്തിയ ആളാണ്, ചായക്കടയിൽ ചായ അടിച്ചുകൊടുത്തിട്ടുമുണ്ട്. പ്രാരാബ്ദമാണ് മാനദണ്ഡമെങ്കിൽ സജിലാലിന് വോട്ട് ചെയ്യാൻ യുഡിഎഫ് പറയുമോ എന്നും ആരിഫ് ചോദിച്ചു.

ആവശ്യമില്ലാത്ത ഇത്തരം വ്യാഖ്യാനങ്ങൾ എന്തിനാണ് കൊടുക്കുന്നത്. കായംകുളം എംഎൽഎ പ്രതിഭയുടെ പ്രവർത്തനം വിലയിരുത്തുകയും അതിൽ എന്തെങ്കിലും കുറവുണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുകയുമാണ് വേണ്ടത്. അല്ലാതെ പ്രതിഭയ്‌ക്കെതിരെ മത്സരിക്കുന്നത് ഒരു ക്ഷീരകർഷകയാണെന്നും അതാണ് അർഹതയെന്നും അവതരിപ്പിക്കുകയല്ല ചെയ്യേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്് നടക്കുന്നത് എന്നാണ് ആരിഫ് പറഞ്ഞത്. എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയുടെ പ്രചാരണാർത്ഥം കായംകുളത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ആരിഫ് വനിതാ സ്ഥാനാർത്ഥിക്കെതിരെ പരാമർശം നടത്തിയത്. തുടർന്ന് ഇതിനെതിരെ പ്രതിഷേധവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

Related Articles

Back to top button