IndiaInternationalKeralaLatest

ഇന്ത്യയുടെ സമുദ്ര ഭാഗത്ത് അമേരിക്കന്‍ നാവികാഭ്യാസം

“Manju”

ഡല്‍ഹി: ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്തുമോ എന്ന ആശങ്ക വര്‍ധിപ്പിച്ച് അമേരിക്കയുടെ കടന്നുകയറ്റം. മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സമുദ്രഭാഗത്ത് അമേരിക്കന്‍ നാവിക കപ്പല്‍ സൈനികാഭ്യാസം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ലക്ഷദ്വീപിന് സമീപം ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക മേഖലയില്‍ കടന്നുകയറിയതായി അമേരിക്കന്‍ നാവികസേന സ്ഥിരീകരിച്ചു. ഈ മേഖലയിലെ നിയന്ത്രണത്തില്‍ അവകാശവാദം ഉന്നയിക്കുന്നത് അമിത അധികാരപ്രയോഗമാണെന്നാണ് അമേരിക്കയുടെ വാദം.
ഏപ്രില്‍ ഏഴിനാണ് സംഭവം. ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഏകദേശം 130 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അമേരിക്കയുടെ നാവിക കപ്പല്‍ വന്നത്. അമേരിക്കന്‍ യുദ്ധക്കപ്പലായ യുഎസ്എസ് ജോണ്‍ പോള്‍ ജോണ്‍സാണ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക മേഖലയില്‍ അതിക്രമിച്ച് കയറിയത്.
നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ട് തന്നെ വിഷയത്തില്‍ കരുതലോടെയുള്ള പ്രതികരണമാകും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ സമുദ്രവുമായി ബന്ധപ്പെട്ട രാജ്യാന്തര നിയമങ്ങള്‍ അനുസരിച്ച് ഇന്ത്യയില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങേണ്ടതില്ല എന്നാണ് അമേരിക്കയുടെ പ്രസ്താവനയില്‍ പറയുന്നത്. ഭാവിയിലും ഇത്തരത്തിലുള്ള നാവിക ദൗത്യങ്ങള്‍ തുടരുമെന്നും അമേരിക്ക വ്യക്തമാക്കി. ഫ്രീഡം ഓഫ് നാവിഗേഷന്‍ ഓപ്പറേഷന്‍ എന്ന പേരിലാണ് അമേരിക്ക ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള സമുദ്രഭാഗത്ത് നാവികാഭ്യാസം നടത്തിയത്.

Related Articles

Back to top button