InternationalLatest

കോവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് മസ്ജിദുന്നബവിയില്‍ പ്രവേശനമില്ല

“Manju”

റമദാനെ സ്വീകരിക്കുന്നതിനായി മക്കയിലും മദീനയിലും ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലെത്തി. അനുമതിപത്രമില്ലാതെ മക്കയിലെ ഹറം പള്ളിയിലെത്തുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്‌സിനെടുക്കാത്തവര്‍ക്ക് മദീനയിലെ മസ്ജിദുന്നബവിയിലേക്കും പ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

പെര്‍മിറ്റില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവര്‍ക്ക് 10,000 റിയാലും, നമസ്‌കരിക്കാന്‍ എത്തുന്നവര്‍ക്ക് 1,000 റിയാലുമാണ് പിഴ ചുമത്തുക. കോവിഡ് അവസാനിച്ച്‌ ജനജീവിതം സാധാരണ നിലയിലെത്തുന്നത് വരെ ഈ സ്ഥിതി തുടരും. ഇഅ്തമര്‍നാ, തവക്കല്‍നാ ആപ്പ് വഴിയാണ് ഹറമുകളില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റുകള്‍ നല്‍കുന്നത്. കോവിഡ് വാക്‌സിന്‍റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്കും, ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവര്‍ക്കും, ആറ് മാസത്തിനിടെ കോവിഡ് ഭേദമായവര്‍ക്കും മാത്രമേ അനുമതി ലഭിക്കൂ.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മസ്ജിദുല്‍ ഹറമിലും മുറ്റങ്ങളിലും പ്രവര്‍ത്തനശേഷിക്കനുസൃതമായി സൗകര്യങ്ങളും സുരക്ഷയും ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. അതിനാല്‍ തന്നെ മക്കയിലേക്കുള്ള ചെക്ക് പോസ്റ്റുകളിലും, നടപാതകളിലുമെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാകും. റമദാന്‍ ഒന്ന് മുതല്‍ മദീനയിലെ മസ്ജിദുനബവിയിലേക്കും മുറ്റങ്ങളിലേക്കും പ്രവേശിക്കുന്നതിനും കോവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. റമദാനില്‍ മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികള്‍ക്ക് മൂന്ന് മില്യണ്‍ ബോട്ടില്‍ സംസം ജലം വിതരണം ചെയ്യുമെന്ന് മസ്ജിദു നബവി കാര്യാലയം അറിയിച്ചു.

Related Articles

Back to top button