KeralaLatest

എസ്‌എസ്‌എല്‍സി ചോദ്യപേപ്പര്‍ മാറിയ സംഭവം അധ്യാപകര്‍ക്കെതിരെ നടപടി

“Manju”

എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ വിവാദം; രണ്ട് അധ്യാപകര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: കണിയാപുരം സെന്‍റ്.വിന്‍സെന്‍റ് ഹൈസ്കൂളില്‍ എസ്‌എസ്‌എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവത്തില്‍ നടപടി. പരീക്ഷ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടിനെയും ചുമതലകളില്‍ നിന്നും നീക്കി.

ഈ സ്കൂളിലെ ഹെഡ്മിസ്ട്രസാണ് പരീക്ഷ ചീഫ് സൂപ്രണ്ട്. മറ്റൊരു സ്കൂളിലെ സീനിയര്‍ അധ്യാപകനായിരുന്നു ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്. ഇരുവരെയും മാറ്റി പകരം അതേ സ്കൂളിലെ സീനിയര്‍ അധ്യാപകനെ ചീഫ് സൂപ്രണ്ടായും മറ്റൊരു സ്കൂളിലെ അധ്യാപകനെ ഡെപ്യൂട്ടി ചീഫായും നിയമിച്ചു.

വെള്ളിയാഴ്ചയായിരുന്നു സംഭവം. ഹിന്ദി പരീക്ഷയുടെ ചോദ്യപേപ്പറിന് പകരം ഇംഗ്ലീഷ് ചോദ്യപേപ്പറാണ് കൊണ്ടുവന്നത്. ബണ്ടില്‍ പൊട്ടിച്ചപ്പോഴാണ് അബദ്ധം മനസിലായത്. തുടര്‍ന്ന് ഇംഗ്ലീഷ് ചോദ്യപേപ്പര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. സമീപത്തെ സ്കൂളുകളിലെത്തിച്ച ബാക്കി വന്ന ചോദ്യ പേപ്പര്‍ എത്തിച്ചാണ് ഹിന്ദി പരീക്ഷ നടത്തിയത്. അരമണിക്കൂര്‍ വൈകിയാണ് പരീക്ഷ ആരംഭിച്ചത്.

അന്വേഷണത്തില്‍ ചോദ്യപേപ്പറിന്‍റെ ബണ്ടിലിന് മുകളില്‍ ഇംഗ്ലീഷ് എന്ന് അച്ചടിച്ചത് വെട്ടിമാറ്റി ഹിന്ദി എന്നാക്കി മാറ്റിയതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. അശ്രദ്ധയോടെ ചോദ്യപേപ്പര്‍ കൈകാര്യം ചെയ്തതിനാണ് അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

Related Articles

Back to top button