KeralaKozhikodeLatest

ഏത് സംഘം അന്വേഷിച്ചാലും നീതി കിട്ടണമെന്ന് മുഹ്‌സിന്‍

“Manju”

വടകര: മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സഹോദരന്‍ മുഹ്‌സിന്‍. മന്‍സൂറിനെ വെട്ടിയത് ശ്രീരാഗോ നിജിനോ ആണെന്നും ഏത് സംഘം അന്വേഷിച്ചാലും സഹോദരന് നീതി കിട്ടണമെന്നും മുഹ്‌സിന്‍ പറഞ്ഞു.
മന്‍സൂര്‍ സജീവ രാഷ്ട്രീയക്കാരനായിരുന്നില്ല. അക്രമികളുടെ ലക്ഷ്യം താനായിരുന്നു. തന്നെ ആക്രമിക്കുന്നത് തടയാനാണ് മന്‍സൂര്‍ ശ്രമിച്ചതെന്നും മുഹ്‌സിന്‍ പറഞ്ഞു.
ബൈക്കിലിരുന്ന തന്നെ പേരു വിളിച്ച് വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. തനിക്കു നേരെ വാള്‍ വീശുന്നതിനിടെ രക്ഷിക്കാനാണ് സഹോദരന്‍ വന്നത്. അതിനിടെ അവന് വെട്ടേറ്റു. ശേഷം അക്രമികള്‍ ബോംബെറിയുകയും ചെയ്തു.15 പേരോളമുള്ള അക്രമിസംഘമാണ് വന്നത്. ഇവരെല്ലാവരും നാട്ടിലുള്ളവര്‍ തന്നെയാണ്. സംഘത്തിലെ മുഴുവന്‍ പേരേയും തിരിച്ചറിയാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഹോദരനെ വെട്ടാന്‍ ശ്രമിച്ച ഷിനോസിനെ താന്‍ പിടിച്ചു വെച്ചു. ബോംബ് സ്‌ഫോടനത്തിന്റെ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് ഷിനോസിനെ പോലീസില്‍ ഏല്‍പിച്ചത്. പൊതുവെ വളരെ സമാധാനം നിലനില്‍ക്കുന്ന പ്രദേശമാണ്. തെരഞ്ഞെടുപ്പ് സമയത്തുണ്ടാകുന്ന വീറും വാശിയുമല്ലാതെ അതില്‍ കൂടുതല്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. തന്റെ ഓര്‍മയില്‍ ഇത്തരം ഒരു സംഭവം പ്രദേശത്ത് നടക്കുന്നത് ആദ്യമായാണെന്നും മുഹ്‌സിന്‍ പറഞ്ഞു.

 

വി.എം.സുരേഷ് കുമാർ

Related Articles

Back to top button