IndiaLatest

ബംഗാളില്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച്‌ അമിത് ഷാ

“Manju”

കൊല്‍ക്കത്ത: ദേശീയ പൗരത്വ നിയമം പശ്ചിമ ബംഗാളില്‍ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അഭയാര്‍ഥികളായ പട്ടികജാതിക്കാര്‍ക്കും പിന്നോക്കക്കാര്‍ക്കും പൗരത്വം ലഭിക്കുമെന്നതിനാലാണ് സിഎഎ നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി പറയുന്നതെന്നും അമിത് ഷാ പറഞ്ഞു. മതവിവേചനം മൂലം ബംഗ്ലാദേശില്‍ നിന്ന് അഭയാര്‍ഥികളായെത്തിയവര്‍ക്ക് സിഎഎയുടെ പ്രയോജനം ലഭിക്കും. അഞ്ചാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി തെക്കന്‍ ബസിര്‍ഘട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിഎഎ നടപ്പാക്കുമ്പോള്‍ ഗൂര്‍ഖ വിഭാഗത്തിലെ ഒറ്റയാള്‍ക്ക് പോലും പുറത്തുപോകേണ്ടിവരില്ലായെന്നും അമിത് ഷാ കാലിപോങ്ങില്‍ റാലിയില്‍ പറഞ്ഞു. തെറ്റായ വിവരങ്ങളാണ് തൃണമൂല്‍ പ്രചരിപ്പിക്കുന്നത്. അവര്‍ നുണ പറയുകയാണ്. സിഎഎ പൗരത്വം നല്‍കാനുള്ളതാണ് ആരെയും പുറത്താക്കാനുള്ളതല്ല. വര്‍ഷങ്ങളായി ഗൂര്‍ഖകള്‍ ദുരിതം അനുഭവിക്കുകയാണ്. 1986ല്‍ സിപിഎമ്മിന്റെ അടിച്ചമര്‍ത്തലില്‍ 1200 ഗൂര്‍ഖകളുടെ ജീവനാണ് നഷ്ടമായത്. അവര്‍ക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല. മമത അധികാരത്തില്‍ വന്നതിനു ശേഷവും നിരവധി ജീവനുകള്‍ നഷ്ടമായി. മമതയും അവര്‍ക്ക് നീതി നല്‍കിയില്ല. നിങ്ങള്‍ ‘താമര’ സര്‍ക്കാരിനെ തെരഞ്ഞെടുക്കൂ, തീര്‍ച്ചയായും നീതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടക്കന്‍ ബംഗാളിന്റെ സംസ്‌കാരത്തിനനുസൃതമായി പരമ്പരാഗത ഗൂര്‍ഖാ തൊപ്പിയും ഷാളും അണിഞ്ഞാണ് അമിത് ഷാ റോഡ് ഷോയില്‍ പങ്കെടുത്തത്.
ബംഗാളിനെക്കാള്‍ കൂടുതല്‍ മമത എന്നെക്കുറിച്ചാണ് പറയുന്നത്. അമിത് ഷാ രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ബംഗാളിലെ ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ രാജിവയ്ക്കാന്‍ തയാറാണ്. എന്നാല്‍, മമതയ്ക്ക് മെയ് രണ്ടിന് രാജിവയ്‌ക്കേണ്ടി വരുമെന്നും ഷാ പറഞ്ഞു. ബിജെപി അധികാരത്തിലെത്തിയാല്‍ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ദിവസവേതനം വര്‍ധിപ്പിക്കുമെന്ന് ധൂപ്ഗുരിയില്‍ അമിത് ഷാ പറഞ്ഞു. മെഗാ ഫുഡ് പാര്‍ക്കും തേയില പാര്‍ക്കും സ്ഥാപിക്കും. വടക്കന്‍ ബംഗാളില്‍ എയിംസും കേന്ദ്ര സര്‍വകലാശാലയും സിലിഗുരിയില്‍ ഐടി പാര്‍ക്കും സ്ഥാപിക്കും. നിരവധി തെരഞ്ഞെടുപ്പ് റാലികളിലും റോഡ് ഷോകളിലും അമിത് ഷാ ഇന്നലെ പങ്കെടുത്തു.

Related Articles

Back to top button