ArticleLatest

ലോക്ക്ഡൗണ്‍ ദുരിതത്തിലായത് പിഞ്ചുകുഞ്ഞുങ്ങള്‍

“Manju”

കൊവിഡ് മഹാമാരിയില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ കുടിയേറ്റക്കാരായ കുട്ടികളെ രൂക്ഷമായി ബാധിച്ചതായി സുപ്രീംകോടതി. കൊവിഡ് മഹാമാരിയില്‍ ഒറ്റപ്പെട്ടുപോയ കുടിയേറ്റക്കാരായ കുട്ടികളെ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും തന്നെ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ സംസ്ഥാന ഗവര്‍ണര്‍മാരുടെ പക്കല്‍നിന്നോ ലഭ്യമായിട്ടില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ കോടതി പറഞ്ഞു.ലോക്ക്ഡൗണില്‍ ഉണ്ടായ പ്രതിസന്ധികള്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് കുടിയേറ്റക്കാരായ കുട്ടികള്‍, ശിശുക്കള്‍, ഗര്‍ഭിണികള്‍ തുടങ്ങിയ വിഭാഗങ്ങളെ ആണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പ്രതികരണം.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും കുടിയേറ്റക്കാരായ കുട്ടികളുടെ എണ്ണവും അവരുടെ നിലവിലുള്ള ആരോഗ്യസ്ഥിതിയെക്കുറിച്ചുമുള്ള വിവരങ്ങളും സംസ്ഥാനങ്ങളോട് ആരായണമെന്നും കേന്ദ്രത്തിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വിരാമ സുബ്രഹ്മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.കൊവിഡ് വ്യാപനത്തിനിടയില്‍ കുടിയേറ്റക്കാരായ കുട്ടികളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിര്‍ദേശങ്ങള്‍ ആരാഞ്ഞ് ചൈല്‍ഡ് റൈറ്റ്‌സ് ട്രസ്റ്റും ഒരു ബംഗളൂരു നിവാസിയും സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച്‌ 8ന് സുപ്രീം കോടതി പരിഗണിച്ചിരുന്നു.

കൊവിഡ് വ്യാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍, കുടിയേറ്റക്കാരായ കുട്ടികളെ ഏറ്റവും കൂടുതല്‍ ബാധിച്ചതായും ഇവര്‍ ഏറ്റവും ദുര്‍ബലരായ വിഭാഗത്തില്‍പ്പെടുന്നവര്‍ ആണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.കൊവിഡ് വ്യാപനം മൂലം ദുരിതത്തിലായ കുടിയേറ്റക്കാരായ കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുന്ന തരത്തില്‍ ശരിയായ പോഷകാഹാരങ്ങളോ ഗുണനിലവാരമുള്ള വിദ്യാഭ്യാസമോ ലഭിക്കുന്നില്ലെന്നും സൗഹൃദപരമല്ലാത്തതും ശുചിത്വം ഇല്ലാത്തതുമായ സാഹചര്യത്തിലാണ് അവര്‍ ജീവിക്കുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.ഇത് കോടതി വേണ്ടവിധം പരിഗണിച്ചില്ലെങ്കില്‍ അവര്‍ക്ക് ലഭിക്കേണ്ട ഉചിതമായ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവ നിഷേധിക്കപ്പെടുമെന്നും അത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.വിവിധ തൊഴില്‍ സ്ഥലങ്ങളിലും കുടിയേറ്റക്കാര്‍ കൂടുതലുള്ള സ്ഥലങ്ങളിലും താമസിക്കുന്ന കുടിയേറ്റ കുടുംബങ്ങളിലെ ശിശുക്കളുടെയും കുട്ടികളുടെയും എണ്ണം കൃത്യമായി രേഖപ്പെടുത്തി വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button