IndiaKeralaLatest

കുംഭമേളയില്‍ പങ്കെടുത്ത ഡൽഹിക്കാർക്ക് നിര്‍ബന്ധിത ഹോം ക്വാറന്‍റീന്‍

“Manju”

ന്യൂഡല്‍ഹി: ഹരിദ്വാര്‍ കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങിയെത്തുന്ന ഡല്‍ഹി നിവാസികള്‍ക്ക് നിര്‍ബന്ധിത ഹോം ക്വാറന്‍റീന്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. 14 ദിവസത്തെ ഹോം ക്വാറന്‍റീനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഡല്‍ഹി സര്‍ക്കാര്‍ ചീഫ് സെക്രട്ടറി വിജയ് ദേവ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
ഏപ്രില്‍ നാലിനും 17നും ഇടയില്‍ കുംഭമേളയില്‍ പങ്കെടുത്ത മുഴുവന്‍ പേരും 24 മണിക്കൂറിനകം ഡല്‍ഹി സര്‍ക്കാറിന്‍റെ ഔദ്യോഗിക വെബ് സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ തങ്ങളുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യണം. ഏപ്രില്‍ 18 മുതല്‍ 30 വരെ കുംഭമേളയില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്ബ് തങ്ങളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യണം.
കുംഭമേളയില്‍ പങ്കെടുത്ത ആരെങ്കിലും അവരുടെ വിവരങ്ങള്‍ വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍, അവരെ രണ്ടാഴ്ചത്തേക്ക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റീന്‍ സെന്‍ററിലേക്ക് അയക്കും. കുംഭമേളയില്‍ പങ്കെടുത്തവരെ കണ്ടെത്താനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതെന്നും ഉത്തരവില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കുന്നു.
ഔദ്യോഗിക കണക്കു മാത്രമെടുത്താല്‍ അഖില ഭാരതീയ അഘാഡ പരിഷത് പ്രസിഡന്‍റ് അടക്കം ചുരുങ്ങിയത് അഞ്ചു ഡസന്‍ സന്ന്യാസിമാര്‍ക്കും 1700ല്‍പരം തീര്‍ഥാടകര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. കുംഭമേളക്ക് എത്തിയ മധ്യപ്രദേശിലെ മഹാനിര്‍വാണി അഘാഡ സന്യാസി പ്രമുഖന്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു. ഇതിനിടയിലും 32 ലക്ഷത്തോളം പേര്‍ ഇതിനകം കുംഭമേളക്ക് എത്തിയെന്നാണ് കണക്ക്.
സാമൂഹിക അകലത്തിന്‍റെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പതിനായിരങ്ങള്‍ ഒഴുകിയെത്തുന്നതും കൂട്ടമായി കുളിക്കുന്നതും ഒന്നിച്ചു കഴിയുന്നതുമെല്ലാം കോവിഡ് വിതരണ കേന്ദ്രമാക്കി കുംഭമേളയെ മാറ്റിയെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. രണ്ട് ഷാഹി സ്നാനങ്ങള്‍ നടന്നു കഴിഞ്ഞിരിക്കേ, കുംഭമേളയിലെ പങ്കാളിത്തം നന്നേ പരിമിതപ്പെടുത്താന്‍ സന്യാസിമാരോട് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു.

Related Articles

Back to top button